ഒടുവില്‍ ബിജെപി പറഞ്ഞു, കുര്യന്‍ ഒഴിയണം

single-img
12 February 2013

സൂര്യനെല്ലിക്കേസില്‍ പി.ജെ.കുര്യനു വേണ്ടിയുള്ള മൃദു സമീപനം ബിജെപി ദേശീയ നേതൃത്വം അവസാനിപ്പിച്ചു. ഗുരുതരമായ ആരോപണം നേരിടുന്ന കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവേദ്ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറ്റക്കാരനല്ലെന്നു തെളിയിക്കപ്പെടും വരെ കുര്യന്‍ തല്‍സ്ഥാനത്തു നിന്നും വിട്ടു നില്‍ക്കണം. രൂക്ഷമായ ആരോപണമുയരുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാനുള്ള ധാര്‍മികത പി.ജെ.കുര്യന്‍ കാട്ടണമെന്ന് ജാവേദ്ക്കര്‍ പറഞ്ഞു. ഈ മാസം 21 ന് തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു മുന്‍പ് രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തു കുര്യന്‍ ഒഴിയണമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

പാര്‍ട്ടി സംസ്ഥാന നേതൃത്വം പി.ജെ. കുര്യനെതിരായി പ്രതിഷേധവുമായി നിലകൊണ്ടപ്പോള്‍ ആദ്യം മുതല്‍ തന്നെ അദേഹത്തിനനുകൂലമായാണ് ദേശീയ നേതൃത്വം പ്രതികരിച്ചത്. കുര്യനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലായിരുന്നു പാര്‍ട്ടി. ഇക്കാര്യം ആവര്‍ത്തിച്ച് വാര്‍ത്താസമ്മേളനങ്ങളില്‍ പറയുകയും ചെയ്തു. എന്നാല്‍ പി.ജെ.കുര്യനെതിരെ കൂടുതല്‍ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് കളം മാറ്റിച്ചവിട്ടാന്‍ നേതൃത്വം തയ്യാറായിരിക്കുന്നത്. സൂര്യനെല്ലിക്കേസില്‍ പി.ജെ.കുര്യനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് മുതിര്‍ന്ന ബിജെപി നേതാവായ അരുണ്‍ ജയ്റ്റ്‌ലിയാണ്. ഇതും കുര്യനെ പിന്തുണയ്ക്കാന്‍ കാരണമായെന്നാണ് സൂചന.