ഡി.വിനയചന്ദ്രന്‍ അന്തരിച്ചു

single-img
11 February 2013

മലയാണ്മയുടെ പ്രിയ കവി ഡി. വിനയചന്ദ്രന്‍(66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലയാള കവിതയിലെ പ്രമുഖമായൊരു വ്യക്തിത്വമാണ് അദേഹത്തിന്റെ നിര്യാണത്തോടെ ഇല്ലാതായിരിക്കുന്നത്. മലയാള കവിത ശ്രേണിയില്‍ ആധുനികതയുടെ വിത്തുപാകിയവരില്‍ മുന്‍പന്തിയിലാണ് ഡി.വിനയചന്ദ്രന്റെ സ്ഥാനം. കവി പി. കുഞ്ഞിരാമന്‍ നായരുടെ പിന്‍ഗാമിയായാണ് അദേഹം അറിയപ്പെട്ടിരുന്നത്.

1946 മെയ് 13 ന് കൊല്ലം ജില്ലയില്‍ പടിഞ്ഞാറെ പല്ലടയിലാണ് അദേഹം ജനിച്ചത്. ഫിസിക്‌സില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയതിനു ശേഷം അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടു കാലത്തെ അധ്യാപക ജീവിതത്തില്‍ നിന്നും വിരമിച്ചതിനു ശേഷം മുഴുവന്‍ സമയ സാഹിത്യപ്രവര്‍ത്തനവുമായി കഴിയുകയായിരുന്നു അദേഹം. അവിവാഹിതനാണ്.

നരകം ഒരു പ്രേമ കവിത എഴുതുന്നു, ദിശാസൂചി, വീട്ടിലേയ്ക്കുള്ള വഴി, സമസ്ത കേരളം പി.ഒ, കായിക്കരയിലെ കടല്‍, സംയമാനസം എന്നീ കവിതാ സമാഹാരങ്ങളും പേരറിയാത്ത മരങ്ങള്‍ എന്ന കഥാ സമാഹാരവും പൊടിച്ചി, ഉപരിക്കുന്ന് എന്നീ നോവലുകളും വംശഗാഥ എന്ന ഖണ്ഡകാവ്യവും നിരവഴി വിവര്‍ത്തന കൃതികളും രചിച്ചിട്ടുണ്ട്.