പാപ്പ ഒഴിയുന്നു

single-img
11 February 2013

VATICAN POPEലോക കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിയുകയാണെന്നു പ്രഖ്യാപിച്ചു. ആറുനൂറ്റാണ്ടുകള്‍ക്കു ശേഷം സ്ഥാനത്യാഗത്തിനു തയാറാവുന്ന ആദ്യ മാര്‍പാപ്പയാണു ബനഡിക്ട് പതിനാറാമന്‍. ഇതിനുമുമ്പ് 1415ല്‍ ഗ്രിഗറി പന്ത്രണ്ടാമന്‍ മാര്‍പാപ്പ രാജിവയ്ക്കുകയുണ്ടായി. 1294ല്‍ സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പയും രാജിവച്ചിരുന്നു.

ഇന്നലെ മാര്‍പാപ്പ നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം ലോകം അമ്പരപ്പോടെയാണു ശ്രവിച്ചത്. ഈ മാസം 28നു താന്‍ വിരമിക്കുകയാണെന്നും അതിനുശേഷം പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുമെന്നും എത്രയും വേഗം പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ നടപടിയുണ്ടാവണമെന്നും എണ്‍പത്തഞ്ചുകാരനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ലത്തീന്‍ഭാഷയില്‍ നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞു.

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മാര്‍ച്ച് മധ്യത്തോടെ നടക്കുമെന്നാണു സൂചന. മാര്‍പാപ്പമാര്‍ രാജിവയ്ക്കുന്നതിനു നിയമപരമായ തടസമില്ല. പൂര്‍ണ സ്വാതന്ത്ര്യത്തോടെ വേണം രാജിതീരുമാനം എടുക്കാനെന്നു കാനന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ സഭാനൗകയെ നയിക്കുന്നതിനു മനസിനും ശരീരത്തിനും നല്ല ആരോഗ്യം ആവശ്യമാണെന്നു രാജിതീരുമാനം അറിയിച്ചുകൊണ്ടു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. തന്നില്‍ നിക്ഷിപ്തമായ ശുശൂഷകളും ചുമതലകളും നിറവേറ്റുന്നതിന് ആവശ്യമായ കരുത്ത് കുറഞ്ഞെന്ന് ഏറെ വിചിന്തനത്തിനുശേഷം ബോധ്യപ്പെട്ട സാഹചര്യത്തിലാണു സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്നു ബനഡിക്ട് പതിനാറാമന്‍ പറഞ്ഞു.

പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 നാണു ജര്‍മന്‍കാരനായ ബനഡിക്ട് പതിനാറാമന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ എന്നായിരുന്നു മാര്‍പാപ്പയാവുന്നതിനു മുമ്പുള്ള പേര്. ദീര്‍ഘനാളായി വത്തിക്കാനില്‍ ജോണ്‍പോള്‍ രണ്ടാമന്റെ കീഴില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും നിരവധി വിലപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.