അലഹബാദ് ദുരന്തം : മരണസംഖ്യ 36 ആയി

single-img
11 February 2013

അലഹബാദ് റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 36 ആയി. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 16 പേരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പതിനാലോളം പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതലമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരില്‍ എട്ടു വയസ്സുള്ള മുസ്‌കാന്‍ എന്ന പെണ്‍കുട്ടിയാണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍. അപകടത്തിനു ശേഷം വൈദ്യസഹായം ലഭിക്കാതെ രണ്ടു മണിക്കൂറോളം ഈ പെണ്‍കുട്ടി പ്ലാറ്റ്‌ഫോമില്‍ കിടന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ന് രാവിലെയാണഅ ആശുപത്രിയില്‍ പെണ്‍കുട്ടി മരിച്ചത്. വൈദ്യസഹായം വൈകിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് ആക്ഷേപം ശക്തമാണ്.

തിരക്കു കൂടിയതിനെത്തുടര്‍ന്ന് ഒരു മേല്‍പ്പാലത്തിന്റെ കൈവരി തകര്‍ന്നു വീണതാണ് അപകടത്തിനു കാരണമായതെന്ന് റിപ്പോര്‍ട്ടുുകളുണ്ടായിരുന്നു. എന്നാല്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ ഇതു നിഷേധിച്ചു. കുംഭമേളയ്‌ക്കെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നെന്നും അപ്രതീക്ഷിതമായ ജനബാഹുല്യമാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നും ബന്‍സല്‍ അറിയിച്ചു. മൂന്നു കോടിയോളം ആളുകളാണ് കുംഭമേളയിലെ പ്രധാന ദിനമായിരുന്ന മൗനി അമാവാസിയില്‍ സ്‌നാനം നടത്താനായി എത്തിയിരുന്നത്. ഇവര്‍ തിരികെപ്പോകുന്നതിനായി വൈകുന്നേരം ഏഴു മണിയോടെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതിനെത്തുടര്‍ന്ന് നിയന്ത്രണതീതമായ രീതിയില്‍ തിരക്കു വര്‍ധിക്കുകയായിരുന്നു. ഇന്ത്യയില്‍ 2.3 കോടി ആളുകളാണ് ഒരു ദിവസം റെയില്‍വേ ഉപയോഗപ്പെടുത്തുന്നത്. അലഹബാദില്‍ പത്തു മിനിറ്റിന്റെ ഇടവേളയില്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തിയിരുന്നെങ്കില്‍ പോലും മൂന്നു കോടി ജനങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നുവെന്നും മന്ത്രി ബന്‍സല്‍ പറഞ്ഞു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാര്‍ ലാത്തിച്ചാര്‍ജ് നടത്തിയതാണ് തിരക്കിനു കാരണമായതെന്ന ആരോപണവും മന്ത്രി നിഷേധിച്ചു.