വധശിക്ഷയുടെ മൂന്നാം പക്കം കത്ത് അഫ്‌സലിന്റെ വീട്ടിലെത്തി

single-img
11 February 2013

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കു കയര്‍ ലഭിച്ച അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തിനു വധശിക്ഷ നടപ്പാക്കുന്നതു അറിയിച്ചു കൊണ്ടുള്ള കത്ത് ലഭിച്ചത് ഇന്ന്. ശനിയാഴ്ച രാവിലെ അഫ്‌സലിനെ തൂക്കിലേറ്റിയത്. ഇക്കാര്യം മുന്‍കൂട്ടി അറിയിക്കുന്നതിനായി അധികൃതര്‍ സ്പീഡ് പോസ്റ്റിലയച്ച കത്താണ് ഇന്ന് കുടുംബത്തെ തേടിയെത്തിയത് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബാസുമിന്റെ പേരിലാണ് കത്തയച്ചിരുന്നത്. അഫ്‌സലിനു വേണഅടി ഭാര്യ നല്‍കിയ ദയാഹര്‍ജി തള്ളിയ കാര്യവും വധശിക്ഷ നടപ്പാക്കുന്ന ദിവസവും കത്തില്‍ പറഞ്ഞിട്ടുണ്ട്.

കുടുംബത്തിനു അവസാനമായി കാണാന്‍ പോലുമനുവദിക്കാതെ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുകയും മൃതദേഹം കബറടക്കുകയും ചെയ്തതിനെത്തുടര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തരുടെ ഭാഗത്തു നിന്നും കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടിരുന്നു. വിവരം കുടുംബത്തെ അറിയിക്കാനായി കത്തയച്ചെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ആഭ്യന്തര സെക്രട്ടറിയും ആദ്യം മുതല്‍ തന്നെ പറഞ്ഞിരുന്നു.
അഫ്‌സല്‍ ഗുരു ജയിലില്‍ ഉപയോഗിച്ചിരുന്ന കണ്ണട, റേഡിയോ, അദേഹത്തിന്റെ പുസ്തകങ്ങള്‍ തുടങ്ങിയവ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇവ തങ്ങള്‍ക്ക് നല്‍കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ സ്വകാര്യമായി നടപ്പിലാക്കിയത് ശരിയായില്ലെന്ന് ജമ്മു -കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. കുടുംബത്തിനു അവസാനമായി അഫ്‌സലിനെ കാണാന്‍ അവസരമൊരുക്കണമായിരുന്നുവെന്ന് പറഞ്ഞ അദേഹം വിവരം സ്പീഡ് പോസ്റ്റ് വഴി അറിയിച്ചത് ശരിയായില്ലെന്നും പറഞ്ഞു. എന്നാല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതില്‍ തനിക്ക് അത്ഭുതമില്ലെന്നും കശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു. കസബിന്റെ വധശിക്ഷ നടന്നതോടെ ഗുരുവിനെയും എത്രയും പെട്ടെന്ന്് തൂക്കിലേറ്റുമെന്ന് അറിയാമായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മൂന്നാം ദിവസവും തുടരുകയാണ്.