വധശിക്ഷ നടപ്പാക്കുന്ന കാര്യം കുടുംബത്തെ അറിയിച്ചില്ല : ഗീലാനി

single-img
9 February 2013

വധശിക്ഷ നടപ്പിലാക്കുന്ന കാര്യം അഫ്‌സല്‍ ഗുരുവിന്റെ ഭാര്യയെ അറിയിച്ചില്ലെന്ന് ആരോപണം. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്ത ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ അധ്യാപകന്‍ സയിദ് അബ്ദുല്‍ റഹ്മാന്‍ ഗീലാനി എന്ന എസ്എആര്‍ ഗീലാനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാത്തതിലും നിശിതമായ വിമര്‍ശനമാണ് ഗീലാനി നടത്തിയത്.

‘ദയാഹര്‍ജി തള്ളിയ കാര്യമോ വധശിക്ഷ നടപ്പാക്കുന്ന കാര്യമോ അഫ്‌സലിന്റെ ഭാര്യ തബാസുമിനെയോ മറ്റ് കുടുംബാംഗങ്ങളെയോ അറിയിച്ചിരുന്നില്ല. ഇതു സംബന്ധിച്ച ഒരു പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ല. ആ നിമിഷം വരെയും വധശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് കുടുംബത്തിന് ലഭിച്ചിട്ടില്ല.’
ഇന്ന് രാവിലെ 6.30 നോടടുത്ത് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യയെ വിളിച്ച് വധശിക്ഷ സംബന്ധിച്ച വാര്‍ത്ത പ്രചരിക്കുന്ന കാര്യം അറിയിച്ചത് താനാണെന്നും ഗീലാനി പറഞ്ഞു. അപ്രതീക്ഷിതമായെത്തിയ വാര്‍ത്ത അവരെ ഞെട്ടിച്ചുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കിയ ഭാര്യയ്ക്ക് അത് തള്ളിയ കാര്യം അറിയാനുള്ള അവകാശംുണ്ടെന്നും ഗീലാനി പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ഗീലാനി സര്‍ക്കാര്‍ ഗാലറിയിലെ കാണികള്‍ക്കായി കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വധശിക്ഷ ഇത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനു പിന്നിലെന്നും ഗീലാനി പറഞ്ഞു.