കുര്യന് പിറകിലുറച്ച് ബിജെപി ദേശീയ നേതൃത്വം

single-img
9 February 2013

സൂര്യനെല്ലിക്കേസില്‍ ആരോപണം നേരിടുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി. കുര്യനെതിരായ ആരോപണങ്ങല്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെ നിലപാീട്. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കുര്യനനുകൂലമായ നിലപാടു വന്നത് കുര്യനെതിരെ പ്രതിഷേധവുമായി മുന്നോട്ടുപോകുന്ന ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ക്ഷീണമായി.

പി.ജെ. കുര്യന്‍ നിലവിലെ ആരോപണങ്ങളെത്തുടര്‍ന്ന് രാജ്യസഭാ അധയക്ഷ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞതു തന്നെയാണ് പാര്‍ട്ടിയുടെയും അഭിപ്രായമെന്ന് പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. കുര്യന്‍ രാജിവയ്ക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നതായി തനിയ്ക്കറിയില്ലെന്നും നഖ്‌വി പറഞ്ഞു. കേസിന്റെ പുനരന്വേഷണം അവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദേഹം പറഞ്ഞു. മുരളി മനോഹര്‍ ജോഷി പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്ന് പ്രതികരിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരനും കൂട്ടരും ഇതോടെ വെട്ടിലായി. സംസ്ഥാന ഘടകത്തിനകത്തും ഇക്കാര്യത്തില്‍ ചേരിതിരിവുള്ളതായാണ് റിപ്പോര്‍ട്ട്.
ജനതാദള്‍ -യു നേതാവ് ശരത് യാദവും കുര്യനെ അനുകൂലിച്ച് സംസാരിച്ചു. പി.ജെ. കുര്യന്‍ നല്ല മനുഷ്യനാണെന്നും അദേഹത്തിനെതിരെ രാജ്യസഭയില്‍ ഒന്നും സംസാരിക്കില്ലെന്നും പറഞ്ഞ ശരത് യാദവ് കുര്യന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു.