അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം സംസ്‌കരിച്ചു

single-img
9 February 2013

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം തിഹാര്‍ ജയില്‍ വളപ്പില്‍ സംസ്‌കരിച്ചു. മാതാചാരപ്രകാരമാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയതെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനു ശേഷം ഫെബ്രുവരി നാലിനാണ് താന്‍ അതില്‍ ഒപ്പുവച്ചതെന്നും ഷിന്‍ഡെ പറഞ്ഞു.

അവസാന നിമിഷങ്ങളില്‍ അഫ്‌സല്‍ ഗുരു വളരെ ശാന്തനായിരുന്നുവെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്ന വിവരം കശ്മീരിലുള്ള കുടുംബത്തെ അറിയിച്ചിരുന്നു. സ്പീഡ് പോസ്റ്റ് വഴിയാണ് വീട്ടുകാരെ അറിയിച്ചത്. വിവരം വീട്ടുകാര്‍ അറിഞ്ഞുവെന്ന് ഉറപ്പുവരുത്താന്‍ ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതോടെ കശ്മീര്‍ താഴ്‌വരയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ശ്രീനഗര്‍–ജമ്മു ദേശീയപാതയും അധികൃതര്‍ അടച്ചു. സംഘര്‍ഷസാധ്യത കൂടുതലായ പ്രദേശങ്ങള്‍ പാരാമിലിട്ടറി ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. ആളുകള്‍ക്കിടയില്‍ പ്രകോപനം സൃഷ്ടിക്കുന്നതൊഴിവാക്കാനായി ചില മത നേതാക്കളുടെ വീടുകള്‍ക്കു മുന്നിലും കനത്ത നിരീക്ഷണം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമാധാനം പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും കശ്മീര്‍ ജനതയോട് അഭ്യര്‍ത്ഥിച്ചു.