പ്രതിപക്ഷത്തെ നാല് വനിതാ എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ ശാസന

single-img
8 February 2013

Karthikeyanകഴിഞ്ഞദിവസം നിയമസഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് അതിക്രമിച്ചു കയറിയ നാല് പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ ശാസന. വനിതാ അംഗങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വ്യക്തമാക്കി. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ താക്കീത് നല്‍കി. വനിതാ അംഗങ്ങളുടെ പെരുമാറ്റം ചെയറിനെ അത്ഭുതപ്പെടുത്തുന്നതും ഖേദകരവുമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചോദ്യോത്തര വേളയ്ക്കു ശേഷം പ്രത്യേക റൂളിംഗിലാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷത്തെ കെ.കെ. ലതിക, അയിഷാ പോറ്റി, കെ.എസ്. സലീഖ, ജമീല പ്രകാശം എന്നിവരാണു ഇന്നലെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ഇരച്ചുകയറിയത്. ബുധനാഴ്ച സൂര്യനെല്ലി വിഷയത്തില്‍ സഭയ്ക്കു പുറത്ത് പ്രതിഷേധിച്ച ഇ.എസ്.ബിജിമോള്‍, ഗീതാ ഗോപി എന്നീ വനിതാ എംഎല്‍എമാരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചതിലുണ്ടായ ബഹളത്തിനിടെയാണ് പ്രതിപക്ഷത്തെ നാലു വനിതാ അംഗങ്ങള്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു കടന്നു ചെന്നത്.