നന്ദി ചൊല്ലി കമല്‍ ; നിറഞ്ഞ സദസ്സില്‍ വിശ്വരൂപം

single-img
8 February 2013

വിലക്കിനൊടുവില്‍ തമിഴ്‌നാട് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ കമല്‍ ഹാസന്റെ വിശ്വരൂപത്തിന് ആവേശ്വോജ്വല സ്വീകരണം. സംസ്ഥാനത്തുടനീളമുള്ള 600 തീയേറ്ററുകളിലാണ് വിശ്വരൂപം കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ടിക്കറ്റിനായി തിയേറ്ററുകള്‍ക്കു മുന്നില്‍ രാവിലെ അഞ്ചു മുതല്‍ തന്നെ ആരാധകരുടെ തിരക്ക് ദൃശ്യമായിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷത്തിനും നിരാശരായി മടങ്ങേണ്ടി വന്നു. ഫെബ്രുവരി 17 വരെയുള്ള എല്ലാ ടിക്കറ്റുകളും ബുക്കിങ്ങ് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

വിശ്വരൂപം തടസ്സങ്ങളെ അതിജീവിച്ച് മികച്ച വിജയത്തിലേയ്ക്ക് നീങ്ങുമ്പോള്‍ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവരോട് നന്ദി പറയുന്ന തിരക്കിലാണ് ഉലക നായകന്‍. ‘താങ്ക് യു ഇന്ത്യ, താങ്ക് യു തമിഴ് നാട്. എന്നെപ്പോലുള്ള കലാകാരന്മാര്‍ക്ക് ഇനിയും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് ശ്രദ്ധിക്കണം.’കമല്‍ ഹാസന്‍ പറഞ്ഞു. തന്റെ ആരാധകരുടെ അകമഴിഞ്ഞ സ്‌നേഹത്തിലും പിന്തുണയിലും ഏറെ സന്തോഷവാനാണ് കമല്‍. കേരളത്തില്‍ സിനിമയ്ക്ക് പിന്തുണ നല്‍കിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഡിവൈഎഫ്‌ഐയ്ക്കും കമല്‍ ഹാസന്‍ നന്ദി അറിയിച്ചു.
വിശ്വരൂപം കാണാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കമല്‍ ഹാസന്‍ ക്ഷണിച്ചു. ‘അവര്‍ എന്റെ സിനിമ കാണണമെന്ന് എനിക്കാഗ്രഹമുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രി ആണെങ്കിലും സിനിമയിലെ സുഹൃത്തും സീനിയറുമാണ് അവരെനിക്ക്. സിനിമകള്‍ കാണില്ലെന്ന തന്റെ തീരുമാനം അവര്‍ ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’