ഇന്ത്യ ഏഴാമത്

single-img
8 February 2013

ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ വിജയത്തോടെ വിട ചൊല്ലി. കട്ടകിലെ ബാരാമതി സ്റ്റേഡിയത്തില്‍ ഏഴാം സ്ഥാനത്തിനായി നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ മിതാലി രാജ് പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. ടോസ്സ് നേടി ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എന്ന മികച്ച ലക്ഷ്യമാണ് ഇന്ത്യന്‍ വനിതകള്‍ക്കു മുന്നിലുയര്‍ത്തിയത്. മറുപടിയായി ഇന്ത്യ 46 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 166 പന്തുകളില്‍ 103 റണ്‍സ് നേടിയ ക്യാപ്റ്റന്റെ പ്രകടനം ഇന്ത്യന്‍ ഇന്നിങ്‌സിന് താങ്ങായി.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 105 റണ്‍സിന് തകര്‍ത്ത ഇന്ത്യയ്ക്ക് തുടര്‍ന്നും മികവ് നിലനിര്‍ത്താന്‍ കഴിയാതിരുന്നതോടെയാണ് സൂപ്പര്‍ സിക്‌സിലേയ്ക്കുള്ള വഴിയടഞ്ഞത്. രണ്ടാം മത്സരത്തില്‍ ഇംഗണ്ടിനോട് 32 റണ്‍സിന്റെയും മൂന്നാം മത്സരത്തില്‍ ശ്രീലങ്കയോട് 138 റണ്‍സിന്റെയും തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. കരിയറിലെ നാലാം സെഞ്ച്വറിയാണ് മിതാലി രാജ് പാകിസ്ഥാനെതിരെ സ്വന്തമാക്കിയത്.