അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നു

single-img
8 February 2013

afsalപാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്. രാജ്യ സുരക്ഷ കണക്കിലെടുത്ത് തിഹാര്‍ ജയിലില്‍ അതീവരഹസ്യമായി രാവിലെ എട്ടു മണിയോടെയാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയ സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഇക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചു. ജനുവരി 23നാണ് അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളുന്നതായി രാഷ്ട്രപതി ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചത്. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കുകയും നടപടിക്രമങ്ങള്‍ വളരെ ചുരുങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലയില്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ ചേര്‍ന്നാണ് ശനിയാഴ്ച വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം അതീവരഹസ്യമായി കൈക്കൊണ്ടത്. ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വധശിക്ഷ നടപ്പാക്കാന്‍ പോകുന്ന വിവരം ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.