ഐസ്‌ക്രീം കേസിന്റെ രേഖകള്‍ വി.എസ് അച്യുതാനന്ദന് ലഭിച്ചു

single-img
7 February 2013

V.s.achuthanandan_ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ലഭിച്ചു. വി.എസിന് രേഖകള്‍ നല്‍കാന്‍ നേരത്തെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് രേഖകള്‍ കൈമാറിയത്. കേസ് ഡയറിയുടെ പകര്‍പ്പ് ഉള്‍പ്പെടെയുള്ള രേഖകളാണ് വി.എസിന് ലഭിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി തങ്ങളെ പീഡിപ്പിച്ചതായും മൊഴി മാറ്റിപ്പറയാന്‍ പണം നല്‍കിയതായും ഇരകള്‍ വ്യക്തമായി മൊഴിയില്‍ പറയുന്നുണ്ട്. കോടതിയില്‍ മൊഴി മാറ്റിപ്പറയുന്നതിനു വേണ്ടി റൗഫും ചേളാരി ഷെരീഫ് അടക്കം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരും ചാലപ്പുറത്തെ ഒരു വീട്ടില്‍ വെച്ച് പരിശീലനം നല്‍കിയതായും പീഡനത്തിനിരയായ ബിന്ദുവും റോസ്‌ലിനുമുള്‍പ്പെടെയുള്ള ഇരകള്‍ വ്യക്തമാക്കുന്നുണ്ട്. മൊഴി മാറ്റാനായി നാല് ലക്ഷം രൂപ വീതം റൗഫ് തനിക്കും റോസ്‌ലിനും നല്‍കിയെന്നാണ് ബിന്ദുവിന്റെ മൊഴി. റൗഫ് ആണ് പണം നല്‍കിയതെന്നും മൊഴിയില്‍ പറയുന്നു. റൗഫ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ട ശേഷവും മാറ്റിപ്പറഞ്ഞ മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ പണം നല്‍കിയിരുന്നതായി ഇരകള്‍ വ്യക്തമാക്കുന്നുണ്ട്. പതിനഞ്ച് ലക്ഷത്തോളം രൂപ പലപ്പോഴായി വാങ്ങിയിരുന്നതായി ഇരകളുടെ മൊഴിയില്‍ വ്യക്തമാകുന്നുണ്ട്. നിലവില്‍ ലഭിച്ചിരിക്കുന്ന രേഖകള്‍ വെച്ച് തുടര്‍ നടപടികള്‍ക്കായി വി.എസ് ഹൈക്കോടതിയെ സമീപിക്കും. ഐസ്‌ക്രീം കേസില്‍ വി.എസിന്റെ നിയമനീക്കങ്ങള്‍ക്ക് ഏറെ സഹായകമായ രേഖകളാണിത്. രേഖകള്‍ നല്‍കുന്നതിനെ ആദ്യം എതിര്‍ത്തിരുന്നുവെങ്കിലും വി.എസ് ഹൈക്കോടതിയെ സമീപിച്ചതോടെ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.