ടുണീഷ്യന്‍ പ്രതിപക്ഷനേതാവ് വെടിയേറ്റു മരിച്ചു

single-img
7 February 2013

Chokri_Belaidടുണീഷ്യയിലെ പ്രമുഖ പ്രതിപക്ഷനേതാവും ഇടതുപക്ഷ ഡെമോക്രാറ്റിക് പെട്രിയട്ട്‌സ് പാര്‍ട്ടി ജനറല്‍സെക്രട്ടറിയുമായ ചൊഖ്രി ബെലോയ്ദ് വെടിയേറ്റു മരിച്ചു. തലസ്ഥാനമായ ടുണീസില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. പാര്‍ട്ടി ഓഫീസിലേക്കു പോകാനായി വീടിനു പുറത്തിറങ്ങിയപ്പോള്‍ അക്രമികള്‍ അദ്ദേഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെടിയേറ്റ ബെലോയ്ദ് തല്‍ക്ഷണം മരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. 2011ല്‍ ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ ബെന്‍ അലിയെ പുറത്താക്കി രാജ്യത്ത് ജനാധിപത്യഭരണം വന്നതിനുശേഷം ഇതാദ്യമായി നടക്കുന്ന പ്രധാന അക്രമ സംഭവമാണിത്. കൊലപാതകത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കൊലപാതക വിവരമറിഞ്ഞ് ആയിരക്കണക്കിനു പൗരന്മാര്‍ ടുണീസിലെ ആഭ്യന്തരമന്ത്രാലയ ഓഫീസിനുമുന്നില്‍ സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയിരിക്കുകയാണ്. ടുണീസിലെ തെരുവുകളിലും വന്‍ പ്രകടനങ്ങള്‍ നടന്നു. ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന പ്രസിഡന്റ് മൊന്‍സെഫ് മാര്‍സൊകി കൊലപാതകവിവരമറിഞ്ഞ് സന്ദര്‍ശനം റദ്ദാക്കി ടുണീസിലേക്കു തിരിച്ചിട്ടുണ്ട്. ബെലോയ്ദിന്റെ കൊലപാതകം ഭീകരപ്രവര്‍ത്തനമാണെന്നും 2011 ജനുവരിയില്‍ രാജ്യത്തു നടന്ന അറബ് വസന്ത വിപ്ലവത്തിന് തിരിച്ചടിയാണെന്നും പ്രധാനമന്ത്രി ഹാമാദി ജെബാലി പറഞ്ഞു.