പ്രതിരോധ ബജറ്റില്‍ വെട്ടിച്ചുരുക്കലുണ്ടാകും: ആന്റണി

single-img
7 February 2013

ak_antony_defencetech.inസായുധസേന ഏതു സമയവും ഒരുങ്ങിയിരിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ ബജറ്റില്‍ പ്രതിരോധവിഭാഗത്തിനുള്ള വിഹിതത്തില്‍ കുറവു വരുത്തുന്ന പ്രശ്‌നമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ബാംഗളൂരില്‍ എയ്‌റോ ഇന്ത്യ എയര്‍ഷോ ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ആന്റണി വ്യക്തമാക്കി. സാമ്പത്തികമാന്ദ്യം കാരണം രാജ്യം വിഷമം പിടിച്ച ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നു സമ്മതിച്ച അദ്ദേഹം ബജറ്റ് വിഹിതം ചുരുക്കേണ്ടതിനാല്‍ പ്രതിരോധ വകുപ്പിന്റെ ചില പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് മാറ്റിവച്ചതായും അറിയിച്ചു. പ്രാധാന്യമില്ലാത്തതും പദ്ധതിയേതരവുമായ വെട്ടിച്ചുരുക്കലുകള്‍ പ്രതിരോധ ബജറ്റിലുണ്ടാകുമെന്നു സൂചന നല്‍കിയ ആന്റണി ബജറ്റ് വിഹിതം വെട്ടിച്ചുരുക്കല്‍ പ്രതിരോധവകുപ്പിലേക്കു മാത്രമല്ലെ ന്നും മറ്റു വകുപ്പുകളിലും ബാധകമാണെന്നും കൂട്ടിച്ചേര്‍ത്തു. ധനകമ്മി ഒഴിവാക്കുന്നതിനായി പത്തു ശതമാനം ചെലവു വെട്ടിച്ചുരുക്കണമെന്ന് എല്ലാ മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രി പി.ചിദംബരം നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ആന്റണിയുടെ പ്രസ്താവന.