സൂര്യനെല്ലി: നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി-മുഖ്യമന്ത്രി

single-img
6 February 2013

oommen chandyസൂര്യനെല്ലി കേസില്‍ പി.ജെ. കുര്യനെതിരേയുള്ള പുനരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിനു ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ കോടതി വിചാരണചെയ്തു വിട്ടയച്ചവരെക്കുറിച്ചു വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതു നീചമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, സൂര്യനെല്ലി കേസില്‍ പി.ജെ. കുര്യന്റെ പങ്ക് ഉള്‍പ്പെടെ പുനരന്വേഷിക്കണമെന്നു പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അന്വേഷണമുള്ളുവെന്ന മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഇന്നലെ രണ്ടാം തവണയായിരുന്നു പ്രതിപക്ഷ ബഹിഷ്‌കരണം. നേരത്തെ കെഎസ്ആര്‍ടിസി ഷെഡ്യൂള്‍ വെട്ടിക്കുറച്ചു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.