എന്‍.ശക്തനെതിരായ ലോകായുക്ത റിപ്പോര്‍ട്ട് കോടതി റദ്ദാക്കി

single-img
6 February 2013

Sakthanഗതാഗതമന്ത്രിയായിരുന്നപ്പോള്‍ സ്ഥലംമാറ്റത്തില്‍ അനധികൃതമായി ഇടപെട്ടു, ട്രെഡ് റബര്‍ നല്‍കുന്ന കമ്പനിയെ വഴിവിട്ടു സഹായിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെതിരേ ലോകായുക്ത തയാറാക്കിയ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. എന്‍. ശക്തന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ബി.പി. റേയാണ് റിപ്പോര്‍ട്ട് റദ്ദാക്കിയത്. ഗതാഗത മന്ത്രിയായിരിക്കേ ശക്തന്റെ നിര്‍ദ്ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി, കെഎസ്ആര്‍ടിസിയിലെ െ്രെഡവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും സ്ഥലംമാറ്റം സംബന്ധിച്ച ലിസ്റ്റ് കെഎസ്ആര്‍ടിസി എംഡിക്ക് നല്‍കിയെന്നും ഇതനുസരിച്ച് സ്ഥലംമാറ്റം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പുറമേ കെഎസ്ആര്‍ടിസിക്ക് ട്രെഡ് റബര്‍ നല്‍കുന്ന കമ്പനിക്ക് കുടിശികപ്പണം ലഭ്യമാക്കാന്‍ വഴിവിട്ടു സഹായിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശക്തന്റെ ഇടപെടല്‍ ചട്ടവിരുദ്ധമാണെന്നാരോപിച്ചുള്ള പരാതിയിലാണ് ലോകായുക്ത റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.