ഹയര്‍ സെക്കന്ററി ഡയറക്ടറുടെ നേര്‍ക്ക് കരി ഓയില്‍ പ്രയോഗം

single-img
6 February 2013

ഹയര്‍ സെക്കന്ററി ഫീസ് വര്‍ദ്ധനയെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന പേരിലെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാറിന്റെ ശരീരത്തില്‍ കരി ഓയിലൊഴിച്ചു. ഇന്നലെ വൈകുന്നേരം ഡയറക്ടറുടെ ഓഫീസിലേയ്ക്ക് പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ അകത്തേയ്ക്ക് തള്ളിക്കയറുകയും സംസാരത്തിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ ഡയറക്ടറുടെ നേരെ  കരി ഓയില്‍ ഒഴിക്കുകയുമായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് സിപ്പി നൂറുദ്ദീന്‍ ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ട എട്ട് കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുള്ള നടപടി സംഘടനയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം സിപ്പി നൂറുദ്ദീനെ കെഎസ് യു വില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് വി. എസ്. ജോയി അറിയിച്ചു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകള്‍ വഴി കെഎസ് യു വിനെതിരെ നൂറുകണക്കിന് പ്രതിഷേധ പോസ്റ്റുകളാണ് പ്രചരിക്കുന്നത്.
ഫീസ് വര്‍ദ്ധിപ്പിച്ചത് കുറയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ ഫെബ്രുവരി നാലിന് തീരുമാനമെടുത്തിരുന്നു. ഔദ്യോഗിക അറിയിപ്പു വരുന്നതിന് ക്രമീകരണങ്ങള്ൃ നടന്നുകൊണ്ടിരിക്കവേയാണ് കെഎസ് യു പ്രവര്‍ത്തകര്‍ കരി ഓയിലുമായി സമരത്തിനിറങ്ങിയത്. ഏകദേശം രണ്ട് മാസങ്ങള്‍ക്കു മുന്‍പാണ് ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. അന്നൊന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നില്ല. എന്നാല്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒടുവില്‍ ഫീസ് കുറയ്ക്കാനുള്ള തീരുമാനം എടുത്തതോടെ അതിനുള്ള ക്രെഡിറ്റ് സ്വന്തമാക്കാനുള്ള തന്ത്രമായിരുന്നു ഇന്നലെ നടന്നത്.