കെഎസ്ആര്‍ടിസി പ്രതിസന്ധി: അടിയന്തര പ്രമേയം തള്ളി

single-img
6 February 2013

കെഎസ്ആര്‍ടിസി നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം തള്ളി. ഇതിനെത്തുടര്‍ന്ന പ്രതിപക്ഷം ഇറങ്ങിപ്പോയി. പൊതുഗതാഗത സംവിധാനത്തെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു ടി. തോമസ് പറഞ്ഞു. സ്വകാര്യ ബസുകാരെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഡീസല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് കനത്ത നഷ്ടം നേരിടുന്ന കോര്‍പ്പറേഷന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ ലഭ്യമാക്കിയില്ല. യാത്രക്കാരെയും ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദുരിതത്തിലാക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേതെന്നും മാത്യു ടി. തോമസ് കുറ്റപ്പെടുത്തി.

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയെ സംബന്ധിച്ച് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തയ്യാറാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. പ്രതിസന്ധി സത്യമാണെന്ന് സമ്മതിച്ച മന്ത്രി പരിഹാര നടപടികള്‍ കൈക്കൊണ്ടുവരുകയാണെന്നും പറഞ്ഞു. സിവില്‍ സപ്ലൈസിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്നത് സംബന്ധിച്ച് പരിശോധിച്ചുവരുകയാണ്. എണ്ണക്കമ്പനി പ്രതിനിധികളുമായി ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇളവ് ലഭിക്കുന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും ആര്യാടന്‍ പറഞ്ഞു.