എംഎല്‍എമാരെ മര്‍ദ്ധിച്ചത് അന്വേഷിക്കും

single-img
6 February 2013

നിയമസഭയ്ക്കു മുന്നില്‍ സമരം നടത്തുകയായിരുന്ന എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വനിത നേതാക്കളെ പോലീസ് മര്‍ദ്ധിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ ഉത്തരവ്. എഡിജിപിയ്ക്കായിരിക്കും അന്വേഷണച്ചുമതല. സംഭവത്തിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ പി.ജെ.കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് നിയമസഭയ്ക്കു മുന്നില്‍ ഇടതുപക്ഷ വനിതാ നേതാക്കള്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ മാറ്റുന്നതിനിടയില്‍ ഇ. എസ്. ബിജി മോള്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ധിച്ചുവെന്നാണ് ആരോപണം. ബിജി മോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം നടപടിയെടുക്കാമെന്ന മന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷം തള്ളി. കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെത്തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു.