ടൈറ്റാനിയം അഴിമതി: വിജിലന്‍സിന് കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
5 February 2013

titaniumമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടി ഉള്‍പ്പെട്ട ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണം വൈകിക്കുന്നതിനെതിരേ വിജിലന്‍സിന് രൂക്ഷവിമര്‍ശനം. കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിമര്‍ശനം നടത്തിയത്. 2006 ല്‍ തുടങ്ങിയ കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് കോടതി നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഹാജരായ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ രണ്ട് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കോടതി അന്വേഷണ സംഘത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് വിജിലന്‍സിന്റെ നീക്കമെന്ന് കോടതി കുറ്റപ്പെടുത്തി. ഇത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഒരു മാസത്തെ സമയം അനുവദിച്ച കോടതി മാര്‍ച്ച് അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഇനിയും വീഴ്ച വന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.