സൂര്യനെല്ലി കേസ്: പി.ജെ കുര്യനെ രക്ഷിച്ച മൊഴികള്‍ കളവെന്ന് വെളിപ്പെടുത്തല്‍

single-img
5 February 2013

pj kuryanസംസ്ഥാനത്ത് അടുത്തകാലത്ത് വീണ്ടും ഉയര്‍ന്നുവന്ന സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ ഒഴിവാക്കാന്‍ കോടതിയും അന്വേഷണ സംഘങ്ങളും മുഖവിലയ്‌ക്കെടുത്ത സാക്ഷിമൊഴികള്‍ കളവാണെന്ന് തെളിയിക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെട്ടിരുന്ന ദിവസം രാത്രി എട്ടു മണിവരെ താന്‍ തിരുവല്ലയിലെ സുഹൃത്ത് ഇടിക്കുളയുടെ വീട്ടിലായിരുന്നുവെന്നായിരുന്നു പി.ജെ കുര്യന്റെ മൊഴി. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഇടിക്കുളയുടെ ഭാര്യ രംഗത്തെത്തി.

വൈകിട്ട് നാലു മണിയോടെയാണ് പി.ജെ കുര്യന്‍ വീട്ടില്‍ വന്നതെന്നും മുക്കാല്‍ മണിക്കൂറോളം ഇരുന്ന ശേഷം മടങ്ങിയെന്നും ഇവര്‍ വെളിപ്പെടുത്തി. വീട്ടില്‍ ജോലിക്കാരുണ്ടായിരുന്നു. അവര്‍ക്ക് നാലു മണിക്ക് ചായ എടുക്കുന്ന സമയത്താണ് പി.ജെ കുര്യന്‍ വന്നത്. അദ്ദേഹത്തിനും ചായ നല്‍കി. പിന്നീട് ഫോണ്‍ ചെയ്യണമെന്ന് പറഞ്ഞ അദ്ദേഹം വീട്ടിലെ ഫോണില്‍ നിന്നും ആരെയോ വിളിച്ചു. മുക്കാല്‍ മണിക്കൂറിനുള്ളില്‍ മടങ്ങിയതായും ഇടിക്കുളയുടെ ഭാര്യ അന്നമ്മ ഇടിക്കുള പറഞ്ഞു. ഇടിക്കുളയുടെ വീട്ടില്‍ താന്‍ ദീര്‍ഘനേരം ചെലവഴിച്ചതായും മണിക്കൂറുകളോളം ഫോണ്‍ വിളിച്ചതായുമായിരുന്നു പി.ജെ കുര്യന്റെ മൊഴി. ഈ മൊഴിയുടെയും അനുബന്ധ സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു കേസില്‍ അന്വേഷണം നടത്തിയ സിബി മാത്യൂസ് പി.ജെ കുര്യനെതിരേ തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

പി.ജെ കുര്യന്‍ ഭര്‍ത്താവിന്റെ സുഹൃത്താണെന്നും വല്ലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നെന്നും അന്നമ്മ ഇടിക്കുള പറഞ്ഞു. മിക്കവാറും വിളിക്കുമായിരുന്നു. അന്നത്തെ ദിവസം രണ്ട് കാറുകളിലായിരുന്നു സംഘമെത്തിയത്. ഒപ്പം ആരൊക്കെയുണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇതേ ദിവസം തിരുവല്ലയില്‍ വെച്ച് കുര്യനെ കണ്‌ടെന്ന് മൊഴി നല്‍കിയിരുന്ന രാജന്‍ മൂലവീട്ടിലും കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു. രാത്രി ഏഴ് മണിക്ക് കുര്യനെ കണ്ടതായിട്ടായിരുന്നു രാജന്റെ നേരത്തെയുള്ള മൊഴി. എന്നാല്‍ താന്‍ വൈകിട്ട് അഞ്ച് മണിയോടെയാണ് കുര്യനെ കണ്ടതെന്ന് കഴിഞ്ഞ ദിവസം ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. കോടതികളില്‍ പി.ജെ കുര്യന് തുണയായ സാക്ഷിമൊഴികള്‍ കൂടി തകര്‍ന്നതോടെ കേസില്‍ അദ്ദേഹം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.