കസ്റ്റഡിയിലെടുത്ത സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവം: മജിസ്‌ട്രേറ്റ് നേരിട്ട് തെളിവെടുക്കും

single-img
4 February 2013

thiruvananthapuram-evarthaപണമിടപാട് കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ എസ്‌ഐയും സംഘവും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ.വിഷ്ണു നേരിട്ട് തെളിവെടുക്കും.സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഫോര്‍ട്ട് എസ്.ഐ പൊന്നയ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശരത് ചന്ദ്രന്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജ, സിന്‍ഡിക്കേറ്റ് ബാങ്ക് ഫോര്‍ട്ട് ബ്രാഞ്ച് സീനിയര്‍ മാനേജര്‍ മുരളീധരന്‍ നായര്‍ എന്നിവര്‍ക്കെതിരായ ഹര്‍ജിയിലാണ് മാര്‍ച്ച് നാലിന് കോടതി തെളിവെടുക്കുന്നത്. പണം തിരിമറി നടത്തിയെന്നാരോപിച്ച് ബാങ്കിലെ പ്യുണായിരുന്ന സ്ത്രീയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജനുവരി പന്ത്രണ്ടിന് ഇവരെ എസ്.ഐയുടെ നേതൃത്വത്തിലെ സംഘം ബന്ധുവിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചു. ഇവരുടെ പടം മാധ്യമങ്ങള്‍ക്ക് നല്‍കാതിരിക്കാന്‍ അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.
എന്നാല്‍ 5000 രൂപ മാത്രമാണ് അറസ്റ്റിലായ സ്ത്രീയുടെ സഹോദരന് നല്‍കാന്‍ കഴിഞ്ഞത്. പിന്നീട് പ്രതികള്‍ ചേര്‍ന്ന് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. കോടതി ജാമ്യം നല്‍കി പുറത്തിറങ്ങിയ സ്ത്രീ ആഭ്യന്തര മന്ത്രിക്ക് ഉള്‍പ്പടെ നല്‍കിയ പരാതിയിയെ തുടര്‍ന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പരാതിക്കാരിക്ക് വേണ്ടി ആര്യനാട് ബിനു ഹാജരായി.