സൂര്യനെല്ലിക്കേസ്: തുടരന്വേഷണം നിയമോപദേശത്തിനു ശേഷമെന്ന് ആഭ്യന്തരമന്ത്രി

single-img
3 February 2013

Thiruvanchoor radhakrishnan-1സൂര്യനെല്ലിക്കേസില്‍ വിദഗ്ധ നിയമോപദേശത്തിനു ശേഷം തുടരന്വേഷണം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എ.ജിയുടേയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടും. കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന സിബി മാത്യൂസിന്റെയും കെ.കെ. ജോഷ്വായുടേയും പ്രശ്‌നത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. കേസില്‍ ആരോപണ വിധേയനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനെ രക്ഷപെടുത്തിയതു സിബി മാത്യൂസാണെന്ന് അടുത്തിടെ ജോഷ്വ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനിടെ തന്നെ പീഡിപ്പിച്ചവരുടെ സംഘത്തില്‍ കുര്യനുമുണ്‌ടെന്ന് സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടി ആവര്‍ത്തിക്കുകയും ചെയ്തു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളും അടുത്ത ദിവസം പെണ്‍കുട്ടിയും ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയ ശേഷം തീരുമാനം അറിയിക്കാമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞത്. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.