സൂര്യനെല്ലി കേസ്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

single-img
3 February 2013

Niyamasabha1വിവാദമായ സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രാവിലെ വിഷയം ഉന്നയിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളരാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയ വിഷയം നിയമസഭയിലും കടന്നുവന്നത്. കേസ് തുടക്കം മുതല്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും വിചാരണ തീരും വരെ എജിയെ മാറ്റിനിര്‍ത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീംകോടതിയാണ് പി.ജെ കുര്യനെ വെറുതെവിട്ടതെന്നും ആവശ്യം അംഗീകരിക്കാനാകില്ലെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കണമെന്നും നോട്ടീസിന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തുടര്‍ന്ന് കുര്യനെതിരേ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷ നിരയിലെ വനിതാ അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. കുര്യനെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയിലുയര്‍ത്തി. തുടര്‍ന്ന് പ്രതിപക്ഷ നിരയില്‍ നിന്നും അംഗങ്ങള്‍ എഴുന്നേറ്റ് മുന്‍നിരയിലേക്ക് വന്ന് പ്രതിഷേധമുയര്‍ത്തുകയായിരുന്നു.