പി.ജെ. കുര്യനെ പിന്തുണച്ച് മുഖ്യമന്ത്രി

single-img
2 February 2013

Kerala Chief Minister Oommen Chandy meet E. Ahmedവിവാദമായ സൂര്യനെല്ലി കേസില്‍ പി.ജെ കുര്യന് ഉറച്ച പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി കുര്യനെതിരായ സൂര്യനെല്ലി പെണ്‍കുട്ടിയുടെ ആരോപണത്തെ പ്രതിരോധിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇപ്പോള്‍ സംഭവം വിവാദമാക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 17 വര്‍ഷം മുന്‍പ് പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഇപ്പോഴും ചെയ്തിരിക്കുന്നത്. എന്നാല്‍ പുതിയ ഏതോ കാര്യം പോലെയാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ഒന്നുമില്ലാത്ത കാര്യം പറഞ്ഞ് വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതും നിരപരാധിയെന്ന് അന്വേഷണ സംഘവും കോടതിയും കണ്‌ടെത്തിയ ഒരാളെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതും തെറ്റാണ്. ഇത്തരം സംഭവങ്ങളില്‍ ആരോപണവിധേയനായ ഒരാള്‍ കുറ്റക്കാരനാണോയെന്നാണ് നോക്കേണ്ടത്. അല്ലാതെ ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. മറിച്ച് ചെയ്യുന്നത് യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

17 വര്‍ഷത്തില്‍ 10 കൊല്ലവും ഇവിടെ ഇടതുപക്ഷ സര്‍ക്കാരാണ് ഭരിച്ചത്. ആന്റണി സര്‍ക്കാരിന്റെ കാലത്താണ് സൂര്യനെല്ലി കേസ് ഉണ്ടാകുന്നത്. ഒരു പ്രതിയൊഴികെ എല്ലാവരെയും അറസ്റ്റു ചെയ്തു. തുടര്‍ന്ന് അധികാരത്തിലെത്തിയത് നയനാര്‍ സര്‍ക്കാരാണ്. മൂന്ന് അന്വേഷണങ്ങളാണ് ഇടതുസര്‍ക്കാര്‍ ഇതേക്കുറിച്ച് നടത്തിയത്. എന്നാല്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത് കണ്‌ടെത്തിയ പ്രതികള്‍ക്ക് അപ്പുറം ഒരാളെയും കണ്‌ടെത്താന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ വിധി വന്നത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നാണ് മറ്റൊരു ആരോപണം. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നയനാര്‍ സര്‍ക്കാര്‍ നിയമിച്ചതാണ്. പിന്നീട് വന്ന ആന്റണി സര്‍ക്കാരും ആന്റണിക്ക് പകരം മുഖ്യമന്ത്രിയായ താനും ആ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ തയാറായില്ല. സുരേഷ് കുറുപ്പിന്റെ സഹോദരന്‍ ആണ് ഗോപാലകൃഷ്ണക്കുറുപ്പ്. കേസില്‍ വീഴ്ച വന്നിട്ടുണ്‌ടെങ്കില്‍ അദ്ദേഹത്തോടാണ് ഇടതുനേതാക്കള്‍ ആദ്യം ചോദിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.