കര്‍ണാടകയില്‍ ഒരു എംഎല്‍എകൂടി ബിജെപി വിട്ടു; വനിതാ കമ്മീഷന്‍ അധ്യക്ഷയും രാജിവച്ചു

single-img
2 February 2013

karnataka-map evarthaജഗദീഷ് ഷെട്ടാര്‍ സര്‍ക്കാരിന്റെ നിലനില്പ് പരുങ്ങലിലാക്കി ഒരു ബിജെപി എംഎല്‍എകൂടി നിയമസഭാംഗത്വം രാജിവച്ചു. താരിക്കെരെ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഡി.എസ്. സുരേഷാണ് ഇന്നലെ രാജിവച്ചത്. സ്പീക്കറുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസ് മുമ്പാകെ രാജിക്കത്തു സമര്‍പ്പിച്ചിട്ടുണെ്ടന്നും എത്രയും വേഗം രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും സുരേഷ് വാര്‍ത്താലേഖകരോടു പറഞ്ഞു. യെദിയൂരപ്പ നേതൃത്വം നല്‍കുന്ന കര്‍ണാടക ജനതാ പാര്‍ട്ടി(കെജെപി)യില്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കെജെപിയില്‍ ചേരുന്നതിനു മുന്നോടിയായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സി.മഞ്ജുളയും ഇന്നലെ പദവി രാജിവച്ചിട്ടുണ്ട്. ഇതോടെ ബിജെപിയില്‍നിന്നും രാജിവച്ച് കെജെപിയില്‍ ചേരുന്ന എംഎല്‍എമാരുടെ എണ്ണം 13 ആയി. രാജിക്കത്തു നല്‍കിയെങ്കിലും മറ്റൊരു എംഎല്‍എയായ വിറ്റല്‍ കടാകാഡൊണ്ടയുടെ രാജി സ്പീക്കര്‍ കെ.ജി.ബൊപ്പയ്യ സാങ്കേതികകാരണം പറഞ്ഞ് സ്വീകരിച്ചിട്ടില്ല. ഇരുവരുടെയും രാജി സ്വീകരിച്ചാല്‍ ബിജെപിസര്‍ക്കാര്‍ ന്യൂനപക്ഷമാകും. 225 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം ഇതോടെ സ്പീക്കറുള്‍പ്പെടെ 104 ആകും. എന്നാല്‍, എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് 14 ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നതിനാല്‍ നിയമസഭയുടെ അംഗബലം 211 ആണ്. അടുത്ത എട്ടിനു നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വതന്ത്രരെ ഒപ്പം നിര്‍ത്തി നില ഭദ്രമാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്.