കുര്യനെ രക്ഷിച്ചതില്‍ എം.കെ ദാമോദരനും ശശിക്കും പങ്ക്: വി.എസ്

single-img
2 February 2013

V._S._Achuthanandan_2008സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ രക്ഷിച്ചതില്‍ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരനും മുഖ്യമന്ത്രിയായിരുന്ന നയനാരുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി. ശശിക്കും പങ്കുണ്‌ടെന്ന് സംശയിക്കുന്നതായി വി.എസ് അച്യുതാനന്ദന്‍. നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാകാം നീക്കങ്ങള്‍ നടത്തിയതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. അതേസമയം കേസില്‍ കുര്യനെ രക്ഷിക്കാന്‍ നയനാര്‍ കൂട്ടുനിന്നെന്ന ആരോപണം ശരിയല്ലെന്ന് വി.എസ് പറഞ്ഞു. കേസ് നടപടികളില്‍ നയനാര്‍ ഏറെ ജാഗ്രത കാട്ടിയിരുന്നു. ആ സമയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്ന തനിക്ക് ഇക്കാര്യം നന്നായി അറിയാവുന്നതാണെന്നും കേസിന്റെ കാര്യങ്ങള്‍ താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നുവെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശശിയുടെയും ദാമോദരന്റെയും പങ്ക് സംശയിക്കേണ്ടതാണ്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ദാമോദരന്‍ നടത്തുന്ന അധ്വാനം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോയെന്നും വി.എസ് ചോദിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.എസ്.