റിപ്പബ്ലിക്ദിന പരേഡ്: കേരളത്തിന് സ്വര്‍ണപതക്കം

single-img
1 February 2013

floatറിപ്പബ്ലിക് ദിനത്തില്‍ കേരളം അവതിപ്പിച്ച ഹൗസ് ബോട്ട് ഫ്‌ളോട്ടിന് സ്വര്‍ണപതക്കം. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തിന് റിപ്പബ്ലിക് ദിന പരേഡില്‍ സ്വര്‍ണമെഡല്‍ ലഭിക്കുന്നത്. കായല്‍സഞ്ചാരത്തിനുശേഷം കരയിലേക്കടുക്കുന്ന രീതിയില്‍ രൂപ കല്‍പ്പന ചെയ്ത ഹൗസ് ബോട്ടില്‍ പത്ത് കലാകാരന്‍മാരാണുണ്ടായിരുന്നത്. ബാല്‍ക്കണിയില്‍ വിശ്രമിക്കുന്ന യൂറോപ്യന്‍ സഞ്ചാരി, ബൈനോക്കുലറിലൂടെ കായല്‍ക്കാഴ്ചകള്‍ വീക്ഷിക്കുന്ന സ്വര്‍ണത്തലമുടിയുളള പെണ്‍കുട്ടി, ബോട്ടിന്റെ ജനാലയില്‍ വിശ്രമിക്കുന്ന വിദേശ ദമ്പതികള്‍, മധുവിധുവിനെത്തിയ പഞ്ചാബി ദമ്പതികള്‍, കായല്‍ ഭംഗി കാമറയില്‍ പകര്‍ത്തുന്ന നീഗ്രോ യുവതി, കായല്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്ന ഫ്രഞ്ച് യുവാവ്, ഇളനീര്‍ വിതരണം ചെയ്ത് സഞ്ചാരികളെ ഹൃദ്യമായി പരിപാലിക്കുന്ന പരിചാരകന്‍, ഇവയൊന്നും ശ്രദ്ധിക്കാതെ ബോട്ടോടിക്കുന്ന സ്രാങ്ക്, ഇവര്‍ തമ്മിലുളള ശരീരഭാഷ എന്നിവ കലാകാരന്മാര്‍ ഏറെ ഭംഗിയായി അവതരിപ്പിച്ചു. തീമിനു യോജിക്കുന്ന വിധത്തിലുളള കലാകാരന്‍മാരുടെ ശരീര ഭാഷയും യോജിച്ച വേഷ വിധാനവും ഹൃദ്യമായ ആശയ വിനിമയവും ബോട്ടിന്റെ രൂപ കല്‍പ്പനയും പശ്ചാത്തല സംഗീതവുമാണ് കേരളത്തിന് ഈ വിജയം നേടിത്തന്നതെന്ന് ഐ ആന്‍ഡ് പിആര്‍ഡി ഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സന്തോഷ് കുമാര്‍ പറഞ്ഞു.