ടി.പി. വധം: സര്‍ക്കാര്‍ തടസ്സഹര്‍ജി നല്‍കും

single-img
31 January 2013

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കും. കേസില്‍ പതിനാലാം പ്രതിയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി. മോഹനന്റെ ജാമ്യാപേക്ഷയിലാണ് തടസ്സഹര്‍ജി സമര്‍പ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് പി. മോഹനന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിയ്ക്കുമ്പോള്‍ സര്‍ക്കാറിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെടും.

പി. മോഹനന്റെ ജാമ്യാപേക്ഷയ്‌ക്കെതിരെ ടി.പി.യുടെ ഭാര്യ കെ.കെ. രാധ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും വിചാരണ വൈകിക്കുമെന്നും അവര്‍ തന്റെ അപേക്ഷയില്‍ പറഞ്ഞു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് പി. മോഹനന്‍ സുപ്രീം കോടതിയെ സമീപിച്ചത്.