സൂര്യനെല്ലിക്കേസ് : ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ

single-img
31 January 2013

സൂര്യനെല്ലിക്കേസില്‍ 34 പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ധാക്കി. മുഴുവന്‍ പ്രതികളും മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതിയുടെ ശിക്ഷ ഇളവു ചെയ്യുകയും മറ്റു പ്രതികളെയെല്ലാം വെറുതെ വിടുകയും ചെയ്ത ഹൈക്കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയ്ക്ക് തെറ്റു പറ്റിയിട്ടുണ്ട്. നിയമാനുസൃതമായ തെളിവുകള്‍ പരിഗണിച്ചിട്ടില്ല. നിരവധി സാങ്കേതികപ്പിഴവുകള്‍ ഈ കേസില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കേസ് വീണ്ടും ഹൈക്കോടതി പരിഗണിച്ച് ആറു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ സ്വഭാവത്തെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു.

ഒന്നാം പ്രതി അഡ്വ. ധര്‍മ്മരാജന് ജീവപര്യന്തവും മറ്റു 34 പ്രതികള്‍ക്ക് തടവും വിധിച്ച വിചാരണ കോടതിയുടെ വിധി 2005 ലാണ് ഹൈക്കോടതി റദ്ധാക്കിയത്. ധര്‍മ്മരാജന് അഞ്ചു വര്‍ഷം തടവും മറ്റു പ്രതികളെ വെറുതെ വിടാനുമായിരുന്നു വിധി. ഇതിനെതിരെ പെണ്‍കുട്ടിയുടെ അച്ഛന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും എട്ടു വര്‍ഷം കേസ് കെട്ടിക്കിടന്നു. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തിലാണ് സൂര്യനെല്ലിക്കേസ് വീണ്ടും സജീവമായത്. ജസ്റ്റിസ് എ.കെ. പട്‌നായിക്, ജസ്റ്റിസ് ധ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.