ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടിയുടെ വേദിക്ക് തീയിട്ടു

single-img
30 January 2013

RAMESH CHENNITHALAകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്നു പ്രസംഗിക്കേണ്ടിയിരുന്ന വേദി തീയിട്ടു നശിപ്പിച്ച നിലയില്‍. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ബുധനാഴ്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗാന്ധിസ്മൃതി പരിപാടി ഉദ്ഘാടനം ചെയ്യേണ്ട വേദിയാണു അക്രമസംഘം തീവച്ചു നശിപ്പിച്ചത്. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക സ്‌കൂളിനു സമീപം ആല്‍മരച്ചുവട്ടില്‍ നിര്‍മിച്ച വേദിയാണു പുലര്‍ച്ചെ തീവച്ചു നശിപ്പിച്ച നിലയില്‍ കാണപ്പെട്ടത്. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണു ഗാന്ധിസ്മൃതി പരിപാടി സംഘടിപ്പിച്ചിരുന്നത്. സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തു സംഘര്‍ഷസാധ്യത കണക്കിലെടുത്തു വെളുപ്പിനു അഞ്ചു വരെ പോലീസുണ്ടായിരുന്നു. എന്നാല്‍, ഇവര്‍ സ്റ്റേഷനിലേക്കു മടങ്ങിയപ്പോഴാണു തീവയ്പ്പുണ്ടായത്. നേരത്തെ കെ.മുരളീധരന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്തു വെള്ളിക്കോത്ത് കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മിച്ച ഇന്ദിരാജി ഭവന്‍ ഉദ്ഘാടന ദിവസം രാത്രി തന്നെ ഒരു സംഘം തീവച്ചു നശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ചു കേസെടുത്തെങ്കിലും ആരെയും പിടികൂടിയില്ല.