സംസ്ഥാന സര്‍ക്കാരിനെതിരെ സുകുമാരന്‍ നായര്‍

single-img
27 January 2013

G Sukumaran nair - 3സംസ്ഥാന മന്ത്രിസഭയ്‌ക്കെതിരെ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ തുറന്ന പോരിന്. രമേശ് ചെന്നിത്തലയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെയും കേന്ദ്രനേതൃത്വത്തെയും നേരില്‍ക്കണ്ടു നിവേദനം നല്‍കുമെന്ന് എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ ആരുടേയും പ്രവര്‍ത്തനങ്ങളില്‍ എന്‍എസ്എസിന് അഭിപ്രായവ്യത്യാസമില്ല. പക്ഷേ, ഭൂരിപക്ഷ സമുദായങ്ങളെ അവഗണിച്ചുകൊണ്ട് ഏറെക്കാലം ഭരിക്കാന്‍ ഇവരെ അനുവദിക്കുകയില്ല. ഭൂരിപക്ഷ സമുദായങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ സര്‍ക്കാരിന്റെ താക്കോല്‍സ്ഥാനത്തേക്കു കൊണ്ടുവരാന്‍ തയാറാകണമെന്നും അല്ലാത്തപക്ഷം സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും സുകുമാരന്‍ നായര്‍ മുന്നറയിപ്പു നല്‍കി.

കേന്ദ്രമന്ത്രി ശശി തരൂര്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, എംഎല്‍എമാരായ കെ. മുരളീധരന്‍, വര്‍ക്കല കഹാര്‍, എം.എ. വാഹിദ്, പാലോട് രവി എന്നിവരുടെ സാന്നിധ്യത്തിലാണു സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്.

ഇനിയൊരു മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതു ശ്രദ്ധയില്‍പ്പെട്ടു. പുനഃസംഘടന വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കു മാത്രമല്ല. അതിനിവിടെ കെപിസിസിയും കേന്ദ്രനേതൃത്വവുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഈ പ്രസ്താവന ഭൂരിപക്ഷങ്ങളോടുള്ള കടുത്ത നിന്ദയായിട്ടാണ് എന്‍എസ്എസ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.