ഇന്ത്യയ്‌ക്ക്‌ തോല്‍വി

single-img
27 January 2013

ധര്‍മശാല: ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ അവസാന ഏകദിന മത്സരത്തില്‍ ഇന്ത്യയ്‌ക്ക്‌ തോല്‍വി. ഏഴു വിക്കറ്റിനാണ്‌ സന്ദര്‍ശകര്‍ ഇന്ത്യയെ മുട്ടുകുത്തിച്ചത്‌. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര വിജയികള്‍ക്കുള്ള കിരീടം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട്‌ ആയിരുന്നു വിജയികള്‍. തുടര്‍ന്ന്‌ നടന്ന മൂന്ന്‌ മത്സരങ്ങളിലും ജയിച്ച ഇന്ത്യയ്‌ക്ക്‌ അവസാന മത്സരം ജയിച്ച്‌ മികച്ച വിജയ മാര്‍ജിന്‍ സ്വന്തമാക്കാനുള്ള അവസരമാണ്‌ ഇംഗ്ലണ്ട്‌ നിഷേധിച്ചത്‌. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സിന്റെ ലക്ഷ്യം 47.2 ഓവറില്‍ മൂന്നു വിക്കറ്റ്‌ മാത്രം നഷ്ടപ്പെടുത്തിയാണ്‌ ഇംഗ്ലണ്ട്‌ മറികടന്നത്‌. ഓപ്പണര്‍ ഇയാന്‍ ബെല്‍ പുറത്താകാതെ നേടിയ 113 സെഞ്ച്വറിയാണ്‌ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിന്‌ കരുത്തു പകര്‍ന്നത്‌.
ടോസ്സ്‌ നേടി ഇന്ത്യയെ ബാറ്റിങ്ങിനയക്കാനുള്ള ഇംഗ്ലണ്ട്‌ ക്യാപ്‌റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ്‌ ബൗളര്‍മാര്‍ കാഴ്‌ചവെച്ചത്‌. 21.1 ഓവര്‍ പിന്നിട്ടപ്പോള്‍ 5 ന്‌ 79 എന്ന നിലയിലേയ്‌ക്ക്‌ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ കൂപ്പുകുത്തിയതാണ്‌. സുരേഷ്‌ റെയ്‌ന (83) നേടിയ അര്‍ദ്ധ ശതകമാണ്‌ ടീമിനെ വലിയ നാണക്കേടില്‍ നിന്ന്‌ രക്ഷിച്ചത്‌. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും (39) ഭുവനേശ്വര്‍ കുമാറിന്റെയും(31) പ്രകടനങ്ങളും സ്‌കോര്‍ 200 കടക്കാന്‍ ഇന്ത്യയെ സഹായിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ്‌ നിരയ്‌ക്ക്‌ ആശിച്ച തുടക്കം തന്നെ ഓപ്പണര്‍മാര്‍ നല്‍കി. ടീം സ്‌കോര്‍ 53 ല്‍ നില്‍ക്കെ ക്യാപ്‌റ്റന്‍ അലസ്റ്റര്‍ കുക്ക്‌(22) ആണ്‌ ആദ്യം പുറത്തായത്‌. തുടര്‍ന്നു വന്ന കെവിന്‍ പീറ്റഴ്‌സണ്‌(6) അധിക സമയം ക്രീസില്‍ ചെലവഴിക്കാന്‍ കഴിഞ്ഞില്ല. ജോ റൂട്ടും (31) ഇയാന്‍ മോര്‍ഗനും(40) ബെല്ലിനൊപ്പം ചേര്‍ന്ന്‌ ഇംഗ്ലണ്ടിനെ സുരക്ഷിത തീരത്തെത്തിച്ചു.
ഇയാന്‍ ബെല്‍ ആണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. പരമ്പരയിലുടനീളം മികച്ച ബാറ്റിങ്ങ്‌ കാഴ്‌ചവെച്ച ഇന്ത്യയുടെ സുരേഷ്‌ റെയ്‌നയാണ്‌ മാന്‍ ഓഫ്‌ ദ സീരീസ്‌.