മധുവിന്‌ പത്മശ്രീ, ജാനകിയ്‌ക്ക്‌ പത്മഭൂഷണ്‍

single-img
26 January 2013

വിവിധ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ പ്രിയനടന്‍ മധു പത്മശ്രീ പുരസ്‌കാരത്തിന്‌ അര്‍ഹനായി. പ്രമുഖ ഗായിക എസ്‌. ജാനകി, ശാസ്‌ത്രജ്ഞനും ബ്രഹ്മോസ്‌ എയറോസ്‌പേസ്‌ എംഡിയുമായ ഡോ. എ. ശിവതാണുപിള്ള പത്മഭൂഷണും അര്‍ഹരായി. ഇത്തവണ 108 പേരാണ്‌ സിവിലിയന്‍ പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹരായത്‌. രാജ്യം നല്‍കുന്ന രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‌ നാലു പേര്‍ അര്‍ഹരായി.പത്മഭൂഷണ്‍ 24 പേര്‍ക്കും പത്മശ്രീ 80 പേര്‍ക്കും ലഭിച്ചു. കേരളത്തില്‍ നിന്ന്‌ മധു മാത്രമാണ്‌ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌.. പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയ്‌ക്ക്‌ ഇത്തവണയും ആരും അര്‍ഹരായില്ല.
പ്രശസ്‌ത ശില്‌പി രഘുനാഥ്‌ മൊഹാപാത്ര, പ്രമുഖ ശാസ്‌ത്രജ്ഞനായ പ്രൊഫ. റോഡ്ഡാം നരസിംഹ, പ്രമുഖ ശാസ്‌ത്രജ്ഞനും മുന്‍ യുജിസി ,ചെയര്‍മാനുമായ പ്രൊഫ. യശ്‌പാല്‍, ചിത്രകാരന്‍ ഹൈദര്‍ റാസ എന്നിവര്‍ക്കാണ്‌ പത്മവിഭൂഷണ്‍.

കായിക താരങ്ങളായ രാഹുല്‍ ദ്രാവിഡ്‌, മേരി കോം ചലച്ചിത്ര താരങ്ങളായ രാജേഷ്‌ ഖന്ന (മരണാനന്തര ബഹുമതി), ഷര്‍മിള ടാഗോര്‍ എന്നിവര്‍ പത്മഭൂഷണ്‌ അര്‍ഹരായി. ചലച്ചിത്ര താരങ്ങളായ ശ്രീദേവി, നാനാ പടേക്കര്‍, സംവിധായകന്‍ രമേഷ്‌ സിപ്പി എന്നിവര്‍ പത്മശ്രീ പുരസ്‌കാരത്തിന്‌ അര്‍ഹരായി.