ഇന്ത്യന്‍ സെലിബ്രിറ്റികളിലെ സമ്പന്നന്‍ കിംഗ് ഖാന്‍

single-img
25 January 2013

സിനിമയും സ്‌പോര്‍ട്‌സും ഇന്ത്യന്‍ സമ്പന്നതയുടെ പര്യായങ്ങളായിക്കഴിഞ്ഞിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ഓരോ വര്‍ഷവും കോടികളുടെ സമ്പാദ്യക്കണക്കാണ് ഈ രണ്ട് വിഭാഗത്തിലെയും സെലിബ്രിറ്റികളുടെ പേരുമായി ചേര്‍ത്ത് കേള്‍ക്കുന്നത്. ഏറ്റവും പുതിയ കണക്കുമായി എത്തിയിരിക്കുന്നത് ലോകത്തെ സമ്പന്നമാരുടെ പട്ടിക തയ്യാറാക്കുന്ന ഫോബ്‌സ് മാഗസിനാണ്‌.. ഒരു വര്‍ഷത്തെ സമ്പാദ്യവും താരത്തിന്റെ പ്രശസ്തിയുമാണ് തെരഞ്ഞെടുപ്പില്‍ മാനദണ്ഡമായത്.

ഫോബ്‌സ് ഇന്ത്യയുടെ ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി 100 ലിസ്റ്റില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്നത് ബോളിവുഡിന്റെ സ്വന്തം കിംഗായ ഷാരൂഖ് ഖാനാണ്. 202.83 കോടി രൂപയാണ് 2011-12 വര്‍ഷത്തില്‍ ഷാരൂഖ് സമ്പാദിച്ചത്. രണ്ടാമതു നില്‍ക്കുന്ന സല്‍മാന്‍ ഖാന് 144.2 കോടി രൂപയും. മൂന്നാം സ്ഥാനത്ത ഒരു ക്രിക്കറ്റ് താരമാണ്. മറ്റാരുമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി തന്നെ. 135.16 കോടിയാണ് ധോണി സമ്പാദിച്ചത്.
അക്ഷയ് കുമാറും(119.85), അമിതാഭ് ബച്ചനു(116.3 ) മാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. കരീന കപൂര്‍ ആണ് വനിതകളില്‍ ഏറ്റവും കൂടുതല്‍ സമ്പാദിച്ചത്. ലിസ്റ്റില്‍ ഏഴാം സ്ഥാനമാണ് കരീനയ്ക്ക്. 73.46 കോടി കരീനയുടെ അക്കൗണ്ടിലെത്തിയപ്പോള്‍ പത്താം സ്ഥാനത്തുള്ള കത്രീന കൈഫ് 65.25 കോടി സമ്പാദിച്ചു.
സിനിമ സംഗീത രംഗത്ത് ഏറ്റവും വലിയ സമ്പന്നന്‍ എ.ആര്‍ റഹ്മാനാണ്. ടെലിവിഷന്‍ താരങ്ങളില്‍ ഏറ്റവും മുന്നില്‍ മലൈക അറോറ ഖാന്‍ ആണ്. സംവിധായകരില്‍ കരണ്‍ ജോഹറും എഴുത്തുകാരില്‍ ചേതന്‍ ഭഗതുമാണ് മുന്നില്‍ നില്‍ക്കുന്നത്.