ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരങ്ങളില്‍ ഏറ്റവും സമ്പന്നന്‍ ധോണി

single-img
25 January 2013

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാശ് വാരുന്ന സ്‌പോര്‍ട്‌സ് താരങ്ങളെന്ന ബഹുമതി ക്രിക്കറ്റ് താരങ്ങള്‍ക്കു തന്നെയാണ് സ്വന്തം. ഫോബ്‌സ് ഇന്ത്യയുടെ ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി 100 പട്ടികയിലാണ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരങ്ങളിലെ സമ്പന്നരുടെ പട്ടികയില്‍ ക്രിക്കറ്റ് കളിക്കാര്‍ മുന്നിട്ടുനില്‍ക്കുന്നത്. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയും ഇനം തിരിച്ചുള്ളതും പുറത്തുവന്നിട്ടുണ്ട്.

സ്‌പോര്‍ട്‌സ് സെലിബ്രിറ്റികളുടെ പട്ടിക നയിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയാണ്. രണ്ടാം സ്ഥാനത്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 135.16 കോടി രൂപയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ 2011-12 വര്‍ഷത്തില്‍ സമ്പാദിച്ചത്. സച്ചിന് 90. 56 കോടിയുടെ സമ്പാദ്യമാണ് ആ കാലയളവില്‍ ലഭിച്ചത്.
മൊത്തത്തിലുള്ള സമ്പന്ന സെലിബ്രിറ്റികളില്‍ ഒന്നാം സ്ഥാനം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ആണ്. ധോണി മൂന്നാമതും സച്ചിന്‍ ആറാമതും.
കായിക താരങ്ങളില്‍ വീരേന്ദര്‍ സെവാഗ് മൂന്നാമതും യുവ താരം വിരാട് കോലി നാലാമതുമാണ്. വനിത താരങ്ങളില്‍ ബാഡ്മിന്റണ്‍ താരം സൈന നേവാളും ടെന്നീസ് താരം സാനിയ മിര്‍സയും പട്ടികയിലുണ്ട്. ഇരുപത്തിമൂന്നുകാരിയായ സൈനയാണ് സെലിബ്രിറ്റി സമ്പന്നരുടെ പട്ടികയിലുള്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.