ഹെഡ്‌ലിയ്ക്ക് 35 വര്‍ഷം തടവ്

single-img
25 January 2013

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയ്ക്ക് 35 വര്‍ഷം തടവു ശിക്ഷ. ഷിക്കോഗോ ഫെഡറല്‍ കോടതിയാണ് ഹെഡ്‌ലിയ്ക്ക് ശിക്ഷ വിധിച്ചത്. മുംബൈ ആക്രമണമുള്‍പ്പെടെ 12 കുറ്റങ്ങള്‍ക്കാണ് ശിക്ഷ. വിചാരണ വേളയില്‍ കുറ്റം സമ്മതിച്ച് സഹകരിച്ചതിനാലാണ് വധശിക്ഷ ഒഴിവാക്കിയത്. പാകിസ്ഥാന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് ഹെഡ്‌ലി.

ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയിബയ്ക്കായി പ്രവര്‍ത്തിച്ച ഹെഡ്‌ലിയാണ് മുംബൈയില്‍ ആക്രമണം നടത്തിയവര്‍ക്ക് സ്ഥലത്തെ വീഡിയോയും ചിത്രങ്ങളും കൈമാറിയത്. ഡെന്‍മാര്‍ക്കില്‍ ഒരു ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഹെഡ്‌ലിയ്ക്ക് 30-35 വര്‍ഷത്തെ ശിക്ഷ നല്‍കണമെന്ന ജില്ലാ കോടതിയുടെ ആവശ്യം ഫെഡറല്‍ കോടതി അംഗികരിക്കുകയായിരുന്നു. സമൂഹത്തെ ഹെഡ്‌ലിയില്‍ നിന്ന് രക്ഷിക്കേണ്ട ബാധ്യത തനിയ്ക്കുണ്ടെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.
ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ ഇയാളെ കൈമാറാനാകില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.
കഴിഞ്ഞ ആഴ്ചയിലാണ് ഡേവിഡ് ഹെഡ്‌ലിയുടെ കൂട്ടാളിയായ തഹാവൂര്‍ റാണയ്ക്ക് 14 വര്‍ഷത്തെ തടവ് ശിക്ഷ ഷിക്കോഗോ കോടതി വിധിച്ചത്.