വിമര്‍ശനങ്ങള്‍ക്കു വിട, പരമ്പരയുമായി ഇന്ത്യ

single-img
24 January 2013

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍പ്പെട്ട്‌ വിമര്‍ശങ്ങളേറ്റു വാങ്ങുകയായിരുന്ന ടീം ഇന്ത്യയ്‌ക്ക്‌ ഇത്‌ ആശ്വാസകാലം. ഇംഗ്ലണ്ടിനെ തുടര്‍ച്ചയായി മൂന്ന്‌ മത്സരങ്ങളില്‍ പരാജയപ്പെടുത്തി അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കിയതോടെ ടീമിന്‌ ജീവന്‍ തിരിച്ചുകിട്ടിയിരിക്കുകയാണ്‌.

വിദേശമണ്ണിലും സ്വദേശത്തും ടെസ്‌റ്റ്‌ പരമ്പര തോല്‍വികളും പാകിസ്ഥാനെതിരെ ഏകദിന പരമ്പര തോല്‍വിയും വിമര്‍ശനങ്ങളുടെ ശരശയ്യയിലേയ്‌ക്കായിരുന്നു ഇന്ത്യന്‍ ടീമിനെ തള്ളിയിട്ടത്‌. കോച്ചു മുതല്‍ ക്യാപ്‌റ്റന്‍ വരെ ടീമിലെ മുഴുവന്‍ പേരും ആരാധകരുടെയും ക്രിക്കറ്റ്‌ പണ്ഡിതരുടെയും മനസ്സില്‍ കരടാകാന്‍ തുടങ്ങിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌. ലക്ഷ്‌മണ്‍ മഹാരഥികളുടെ വിരമിക്കല്‍ തീരുമാനവും കൂടിയായപ്പോള്‍ ടീം പ്രതിസന്ധിയില്‍ നിന്ന്‌ കരകയറില്ലെന്നു തന്നെ കരുതപ്പെട്ടു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക്‌ തത്‌കാലം അവധി നല്‍കിക്കൊണ്ട്‌ ഇന്ത്യ തിരിച്ചു വന്നിരിക്കുന്നു. ശക്തമായിത്തന്നെ. ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ അവസാന മത്സരത്തിന്‌ മുമ്പു തന്നെ ടീം വിജയികളായിരിക്കുന്നു. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണി തന്നെയാണ്‌ ഇത്തവണയും ഇന്ത്യയെ വിജയത്തിലേയ്‌ക്ക്‌ കൈപിടിച്ചുയര്‍ത്തിയിരിക്കുന്നത്‌.

മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ 5 വിക്കറ്റിന്റെ വിജയമാണ്‌ ഇന്ത്യ നേടിയത്‌. ഇംഗ്ലണ്ടുയര്‍ത്തിയ 257 റണ്‍സിന്റെ വിജയ ലക്ഷ്യം സുരേഷ്‌ റെയ്‌നയുടെയും (89) രോഹിത്‌ ശര്‍മയുടെയും(83) അര്‍ദ്ധ ശതകങ്ങളുടെ കരുത്തിലാണ്‌ 15 പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നത്‌. ഫോം നഷ്ടപ്പെട്ട്‌ മികച്ച സ്‌കോറുകള്‍ നേടാന്‍ കഴിയാതെ വിഷമിക്കുകയായിരുന്ന രോഹിത്‌ ശര്‍മയെ ഓപ്പണര്‍ ആയി നിയോഗിച്ച ക്യാപ്‌റ്റന്‍ തനിക്ക്‌ കളിക്കാരിലുള്ള വിശ്വാസമാണ്‌ ആ തീരുമാനത്തിലൂടെ വിളിച്ചുപറഞ്ഞത്‌. സുരേഷ്‌ റെയ്‌നയും ക്യാപ്‌റ്റന്റെ വിശ്വാസം കാക്കുന്നതില്‍ വിജയിച്ചു. കളിയിലെ താരമായാണ്‌ മൊഹാലിയില്‍ നിന്ന്‌ റെയ്‌ന മടങ്ങിയത്‌. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ഏകദിന വിജയത്തിലേയ്‌ക്ക്‌ നയിച്ച ക്യാപ്‌റ്റന്മാരില്‍ ധോണിയെ രണ്ടാമതെത്തിക്കാനും ഈ വിജയത്തിന്‌ കഴിഞ്ഞു.

രാജ്‌കോട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 9 റണ്‍സിന്റെ തോല്‍വി ഇന്ത്യയ്‌ക്ക്‌ മേല്‍ അടിച്ചേല്‍പ്പിച്ച്‌ ഇംഗ്ലണ്ട്‌ കരുത്തുകാട്ടിയതായിരുന്നു. എന്നാല്‍ കൊച്ചിയില്‍ 127 റണ്‍സിന്റെ വമ്പന്‍ വിജയവുമായി ഇന്ത്യ തിരിച്ചടിച്ചു. വിജയവഴിയിലേയ്‌ക്കുള്ള രാജകീയ തിരിച്ചുവരവായിരുന്നു കൊച്ചിയിലെ വിജയം. ക്യാപ്‌റ്റന്റെ ജന്മനാടായ റാഞ്ചിയില്‍ ആദ്യമായി നടന്ന ഏകദിനത്തില്‍ 7 വിക്കറ്റിന്റെ (131 പന്തുകള്‍ ബാക്കി) വിജയമായിരുന്നു ഇന്ത്യ നേടിയത്‌. ഏകദിന റാങ്കിങ്ങില്‍ അപ്രതീക്ഷിതമായി ഒന്നാമതെത്താനും റാഞ്ചിയിലെ വിജയം സഹായകമായി. മൊഹാലിയിലെത്തിയപ്പോഴേയ്‌ക്കും കാത്തിരുന്ന പരമ്പര ജയവും ധോണിയും കുട്ടികളും സ്വന്തമാക്കി. ഇന്‌ി 27ന്‌ ധര്‍മശാലയില്‍ നടക്കുന്ന അവസാന മത്സരവും ജയിച്ച്‌ പരമ്പര ആധികാരികമായി സ്വന്തമാക്കുകയാണ്‌ ഇന്ത്യയുടെ ലക്ഷ്യം.