ബണ്ടി ചോര്‍ പിടിയിലായില്ലെന്ന്‌ കര്‍ണാടക

single-img
24 January 2013

തിരുവനന്തപുരത്ത്‌ വന്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ്‌ ബണ്ടി ചോര്‍ എന്ന ദേവേന്ദര്‍ സിങിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന്‌ കര്‍ണാടക പോലീസ്‌. ബുധനാഴ്‌ച വൈകുന്നേരം ബണ്ടിയെ ബാംഗ്ലൂരില്‍ വെച്ച്‌ അറസ്‌റ്റ്‌ ചെയ്‌തുവെന്ന്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ കേരള പോലീസ്‌ അവിടേയ്‌ക്ക്‌ തിരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക്‌ ബണ്ടിയെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നും അയാള്‍ രക്ഷപ്പെട്ടുവെന്നുമാണ്‌ കര്‍ണാടക പോലീസ്‌ ഔദ്യോഗികമായി കേരള പോലീസ്‌ അധികൃതരെ അറിയിച്ചത്‌.
മോഷ്ടിച്ച മിസ്‌തുബിഷി ഔട്ട്‌ലാന്‍ഡര്‍ തമിഴ്‌നാട്‌ -കര്‍ണാടക അതിര്‍ത്തിയില്‍ കണ്ടെത്തിയെന്നും അവിടെ നിന്നും പോലീസിനെ വെട്ടിച്ച്‌ ടാറ്റസുമോയില്‍ രക്ഷപ്പെട്ട ബണ്ടി ചോറിനെ ബാംഗ്ലൂരില്‍ പിടികൂടിയെന്നുമായിരുന്നു ആദ്യ വിവരം. എന്നാല്‍ അതിര്‍ത്തിയില്‍ പോലീസുകാരെ പരിക്കേല്‍പ്പിച്ചു രക്ഷപ്പെട്ട കള്ളനെ ഇതുവെരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ കര്‍ണാടക പോലീസിന്റെ ഇപ്പോഴത്തെ വിശദീകരണം. ബാംഗ്ലൂരില്‍ ഇരുപതിലധികം കേസുകള്‍ ബണ്ടിക്കെതിരെയുണ്ട്‌. ഇതിനാല്‍ അയാളെ പിടികൂടിയാലും കേരളത്തിന്‌ വിട്ടുകിട്ടുമോ എന്ന സംശയം ആദ്യമേ ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ ബണ്ടിയെ പിടികൂടിയിട്ടും കര്‍ണാടക പോലീസ്‌ അക്കാര്യം മറച്ചുവയ്‌ക്കുകയാണോ എന്ന സംശയവുമുണ്ട്‌.
പട്ടം മരപ്പാലത്ത്‌ വിഷ്‌ണുഭവനില്‍ നിന്നും 30 ലക്ഷം വിലവരുന്ന മിസ്‌തുബിഷി ഔട്ട്‌ലാന്‍ഡര്‍ കാറും ലാപ്‌ടോപ്പും രണ്ടു മൊബൈല്‍ ഫോണുകളുമുള്‍പ്പെടെ 2 ലക്ഷം രൂപയുടെ ഇലക്ട്രോണിക്‌ സാധനങ്ങളുമാണ്‌ ബണ്ടി ചോര്‍ കവര്‍ന്നത്‌. തിങ്കളാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. ഡല്‍ഹി സ്വദേശിയായ ഇയാള്‍ക്കെതിരെ രാജ്യമെമ്പാടും അഞ്ഞൂറിലധികം കേസുകള്‍ നിലവിലുണ്ട്‌.