ബിജെപിയുടെ തലപ്പത്ത് രാജ്‌നാഥ് സിങ്

single-img
23 January 2013

ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്. പാര്‍ട്ടി മുന്‍ അധ്യക്ഷനായ രാജ്‌നാഥ് സിങ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി. നിലവിലെ പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പോര്‍വിളിയുയര്‍ന്നതാണ് കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിയാന്‍ കാരണമായത്. ഗഡ്കരിയുടെ കാര്യത്തില്‍ സമവായമുണ്ടായില്ലെങ്കില്‍ രാജ്‌നാഥ് സിങിനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കുന്നതിനോട് താത്പര്യം കാട്ടിയ ആര്‍എസ്എസിന്റെ നിലപാടാണ് നിര്‍ണായകമായത്. സുഷമാ സ്വരാജും അരുണ്‍ ജയ്റ്റ്‌ലിയും ആര്‍എസ്എസ് നേതാവ് രാം ലാലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാജ്‌നാഥ് സിങ് ഔദ്യോഗികമായി അധ്യക്ഷപദത്തിലെത്തും.

നിതിന്‍ ഗഡ്കരി വീണ്ടു പ്രസിഡന്റ് ആകുന്നതിനെതിരെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയും രാം ജേഠ്മലാനിയുടെ മകന്‍ മഹേഷ് ജേഠ്്മലാനിയും രംഗത്തെത്തിയിരുന്നു. കൂടാതെ അഴിമതി ആരോപണങ്ങളും ഗഡ്കരിയ്ക്ക് ദോഷമായി വന്നു. കഴിഞ്ഞ ദിവസം അദേഹവുമായി ബന്ധമുള്ള കമ്പനികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വീണ്ടും പാര്‍ട്ടി അധ്യക്ഷനാകും എന്ന് ഉറപ്പായിരിക്കെയാണ് കാര്യങ്ങള്‍ അദേഹത്തിന് എതിരായത്.