ബലാത്സംഗത്തിന് വധശിക്ഷ നല്‍കാന്‍ ശുപാര്‍ശ

single-img
23 January 2013

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കാന്‍ വര്‍മ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം കേസുകളില്‍ കര്‍ശന ശിക്ഷ നടപ്പിലാക്കേണ്ടതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് ജെ.എസ്.വര്‍മ അധ്യക്ഷനായ കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. കമ്മീഷന്‍ ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വധശിക്ഷ നല്‍കാന്‍ ശുപാര്‍ശയുള്ളത്. സ്ത്രീകള്‍ക്കെതിരായ എല്ലാ തരത്തിലുമുള്ള അക്രമങ്ങള്‍ക്കും ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ജുവനൈല്‍ കേസുകളില്‍ പ്രായ പരിധി 16 ആയി നിജപ്പെടുത്തണം. ബലാത്സംഗക്കേസുകളുടെ വിചാരണ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണം. ബലാത്സംഗക്കേസുകളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണം തുടങ്ങിയ ശുപാര്‍ശകളാണ് 200 പേജുള്ള റിപ്പോര്‍ട്ടിലുള്ളത്.
പൊതു ജനങ്ങളില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച അഭിപ്രായങ്ങള്‍ കമ്മീഷന്‍ പരിശോധിച്ചിരുന്നു. മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി ലീലാ സേഥ്, മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരും അംഗങ്ങളായ കമ്മീഷന്‍ ഒരു മാസത്തെ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.