ഷക്കീറ-പിക്വ ജോഡിയ്ക്ക് മകന്‍ പിറന്നു

single-img
23 January 2013

വിഖ്യാത പോപ്പ് ഗായിക ഷക്കീറ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. കാമുകനായ സ്‌പെയിനിന്റെ ബാഴ്‌സലോണ താരം ജെറാഡ് പിക്വ തങ്ങള്‍ക്ക് മകന്‍ പിറന്ന കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. മീലന്‍ പിക്വ മെബറക് എന്ന കുഞ്ഞിന്റെ പേരാണ് പിക്വ ട്വിറ്ററില്‍ കുറിച്ചത്.

ബാഴ്‌സലോണയിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി 9.36 നാണ് സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കുടുംബവ്യത്തങ്ങള്‍ അറിയിച്ചു.

മീലന്‍ എന്ന പേരിന് സ്ലാവിക് ഭാഷയില്‍ പ്രിയപ്പെട്ട, സ്‌നേഹമുള്ള, കൃപ നിറഞ്ഞ എന്നിങ്ങനെയും പഴയ റോമനില്‍ ആകാംക്ഷയുള്ള, കഠിനാധ്വാനം ചെയ്യുന്ന എന്നും സംസ്‌കൃതത്തില്‍ ഏകീകരിക്കുന്നത് തുടങ്ങിയ അര്‍ഥങ്ങളാണ് ഉള്ളതെന്ന വിശദീകരണവും കുടുംബം പുറത്തുവിട്ടു.
യുണിസെഫുമായി ചേര്‍ന്ന് ‘വേള്‍ഡ് ബേബി ഷോവര്‍’ എന്ന പുതിയ പദ്ധതിയ്ക്കും ഷക്കീറയും പിക്വയും തുടക്കമിട്ടിരുന്നു. ഇതിനായി തന്റെ നിറവയര്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും അവര്‍ പുറത്തു വിട്ടു. തങ്ങള്‍ക്ക് കുഞ്ഞ് പിറക്കുന്ന വേളയില്‍ ലോകത്തെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സഹായമെത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ഇവര്‍ ലക്ഷ്യമിട്ടത്. ഓണ്‍ലൈന്‍ വഴി ലോകത്തുള്ള ആര്‍ക്കും പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കഴിയുന്ന സംരംഭമാണ് ‘വേള്‍ഡ് ബോബി ഷോവര്‍’.