ചെറുകിട കച്ചവടക്കാരെ സംരക്ഷിക്കാന്‍ എന്തു ചെയ്‌തെന്ന് സുപ്രീം കോടതി

single-img
22 January 2013

ചില്ലറ വില്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ ചെറുകിട കച്ചവടക്കാരെ സഹായിക്കാന്‍ എന്തു നടപടിയെടുത്തെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. എഫ്ഡിഐ കൊണ്ടു വന്നത് വഴി എന്തെങ്കിലും മെച്ചമുണ്ടാകുമോ എന്ന് ചോദിച്ച കോടതി നിക്ഷേപം നടക്കുമെന്ന് ഉറപ്പുണ്ടോയെന്നും കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞു. വിദേശ നിക്ഷേപം രാഷ്ട്രീയ തന്ത്രം മാത്രമാണോ എന്ന ആശങ്കയും കോടതി പങ്കുവെച്ചു. ചെറുകിട മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ആര്‍.എം.ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് എഫ്ഡിഐയിലുള്ള ആശങ്ക പ്രകടിപ്പിച്ചത്.

പരിഷ്‌കരണങ്ങള്‍ ആവശ്യമാണെങ്കിലും പാവപ്പെട്ടവരെ ബാധിക്കാത്ത രീതിയിലുള്ളതാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. നയരൂപീകരണം ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വന്‍കിടക്കാര്‍ സാധനങ്ങളുടെ വില കുറച്ചാല്‍ ചെറുകിട കച്ചവടക്കാര്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം മൂന്നാഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കണം.