ചൗട്ടാലയ്ക്കും മകനും പത്തു വര്‍ഷം തടവ്

single-img
22 January 2013

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയ്ക്കും മകന്‍ അജയ് ചൗട്ടാലയ്ക്കും പത്തുവര്‍ഷത്തെ തടവു ശിക്ഷ. അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി കോടതി ശിക്ഷ വിധിച്ചത്. വിധിയെ തുടര്‍ന്ന് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പ്രവര്‍ത്തകര്‍ കോടതിയ്ക്ക് പുറത്തു നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ കോടതിയ്ക്ക് നേരെ നാടന്‍ ബോംബും കല്ലുകളും എറിഞ്ഞു. പോലീസുമായി എറ്റുമുട്ടലിലേയ്ക്ക് തിരിഞ്ഞതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

ചൗട്ടാലയെയും മകനെയും കൂടാതെ 53 പേരെ കൂടി ഈ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ ഐഎഎസ് ഓഫീസര്‍ സഞ്ജീവ് കുമാര്‍, ചൗട്ടാലയുടെ മുന്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ വിദ്യാ ധര്‍, രാഷ്ട്രീയ ഉപദേഷ്ടാവ് ഷേര്‍ സിങ് ബദ്ഷാമി എന്നിവര്‍ക്കും പത്തുവര്‍ഷം തടവ് ലഭിച്ചു. ബാക്കിയുള്ളവര്‍ക്ക് മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
ചൗട്ടാലയും കൂട്ടരും കൈക്കൂലി വാങ്ങി 3,206 ജൂനിയര്‍ അധ്യാപകരെ നിയമിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. വ്യാജ രേഖ ഉപയോഗം, വഞ്ചന, അധികാര ദുര്‍വിനിയോഗം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.