കെഎസ്ആര്‍ടിസി പകുതിയോളം സര്‍വീസുകള്‍ വെട്ടിക്കുറച്ചു

single-img
22 January 2013

ലാഭകരമല്ലാത്ത പകുതിയിലധികം സര്‍വീസുകള്‍ കെഎസ്ആര്‍ടിസി വെട്ടിക്കുറച്ചതോടെ സംസ്ഥാനത്ത് യാത്രാക്ലേശം രൂക്ഷമാകുന്നു. തിരുവനന്തപുരം നഗരത്തില്‍ നിരവധി സര്‍വീസുകള്‍ റദ്ധാക്കിയതിനെ തുടര്‍ന്ന് ആളുകള്‍ സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കോര്‍പ്പറേഷന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്നത് തലസ്ഥാന നഗരത്തിലാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മാത്രമുള്ള ജില്ലയിലെ മലയോര മേഖലകളിലുള്ളവരും ബുദ്ധിമുട്ടിലാണ്. കോര്‍പ്പറേഷനു ലഭിച്ചുകൊണ്ടിരുന്ന സബ്‌സിഡി ഡീസല്‍ വിലവര്‍ദ്ധനയെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ നിര്‍ത്തലാക്കിയതു കാരണമുണ്ടായ പ്രതിസന്ധിയാണ് സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണം.

ഇന്നലെ 1400 സര്‍വീസുകള്‍ റദ്ധാക്കിയിരുന്നു. പുതിയതായി 1761 സര്‍വീസുകള്‍ കൂടി റദ്ധാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതിദിനം 1000 രൂപയ്ക്ക് താഴെ കളക്ഷനുള്ള സര്‍വീസുകളാണ് നിര്‍ത്തലാക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. ഡീസല്‍ സബ്‌സിഡി പുനസ്ഥാപിക്കുന്നതു വരെ സര്‍വീസുകള്‍ നിര്‍ത്തലാക്കി തത്കാലം പിടിച്ചു നില്‍ക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം.