ഹൈടെക് കവര്‍ച്ചയ്ക്ക് പിന്നില്‍ ബണ്ടി ചോര്‍

single-img
22 January 2013

തിരുവനന്തപുരം: ഹൈടെക് സെക്യൂരിറ്റി സംവിധാനങ്ങളെ നോക്കുകുത്തികളാക്കി നഗര ഹൃദയത്തിലെ വീട്ടില്‍ ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോര്‍ എന്നറിയപ്പെടുന്ന ദേവേന്ദര്‍ സിങ്. സെക്യൂരിറ്റി അലാറം, നിരീക്ഷണ ക്യാമറകള്‍, റിമോട്ട് കണ്‍ട്രോള്‍ ഗേറ്റ്, ബുള്ളറ്റ പ്രൂഫ് ഗ്ലാസ്സ് എന്നിവ ഭേദിച്ച് വീട്ടു വളപ്പില്‍ കയറിയ ഇയാള്‍ 30 ലക്ഷം രൂപയുടെ മിസ്തുബിഷി ലാന്‍ഡ് റോവര്‍ കാറും രണ്ട് ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് കടത്തിയത്.
വീടിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രവും വിരലടയാളവും പരിശോധിച്ചതോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. രാജ്യത്താകമാനം അഞ്ഞൂറോളം മോഷണങ്ങള്‍ നടത്തിയിട്ടുള്ള ബണ്ടി പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുന്നതിലും വിദഗ്ദനാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. 2009 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ദിബാകര്‍ ബാനര്‍ജിയുടെ ‘ ഓയ് ലക്കി ! ലക്കി ഓയ് ‘ എന്ന ചിത്രത്തിന്റെ കഥ ഈ ഹൈടെക് കള്ളനെ കുറിച്ചുള്ളതാണ്.
പട്ടം മരപ്പാലം-മുട്ടട റോഡിലെ വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ വിഷ്ണു ഭവന്‍ എന്ന വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ ഇയാള്‍ മോഷണം നടത്തിയത്. ബുള്ളറ്റ് പ്രൂഫ് ജനല്‍ പാളി ഇളക്കി മാറ്റിയാണ് വീടിനകത്തു കടന്നത്. ഉള്ളില്‍ നിന്നും വില കൂടിയ ലാപ് ടോപ്പ് രണ്ട് മൊബൈല്‍ ഫോണുകള്‍, മോതിരം എന്നിവയും കാറിന്റെ താക്കോലും ഗേറ്റിന്റെ റിമോട്ട് കണ്‍ട്രോളും ഇയാള്‍ കൈക്കലാക്കി. തുടര്‍ന്ന് ഗേറ്റ് തുറന്ന് കാറുമായി രക്ഷപ്പെടുകയായിരുന്നു. ചെത്തിക്കുളങ്ങരയിലെ ഒരു ലോഡ്ജിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്നാണ് വിവരം.