സ്‌ത്രീകള്‍ സമത്വം ആഗ്രഹിക്കുന്നതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം

single-img
21 January 2013

പുരുഷനൊപ്പം തുല്യത വേണമെന്ന സ്‌ത്രീകളുടെ ആവശ്യമാണ്‌ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. സ്‌ത്രീകള്‍ക്കു ലഭിക്കുന്ന അനിയന്ത്രിതമായ സ്വാതന്ത്രമാണ്‌ പീഡനങ്ങള്‍ക്ക്‌ കാരണം. അവരുടെ സാമൂഹ്യമായ ഇടപെടലുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തിയാലേ ഇതിന്‌ മാറ്റം വരൂ. കടുത്ത ശിക്ഷ നല്‍കിയതു കൊണ്ട്‌ പീഡനങ്ങള്‍ തടയാനാകില്ല. – കാന്തപുരം പറഞ്ഞു. ഒരു ദിനപത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ കാന്തപുരം ഇങ്ങനെ പറഞ്ഞത്‌.

സ്‌ത്രീകള്‍ വീട്ടുജോലി ചെയ്‌ത്‌ ഒരുങ്ങി കഴിയേണ്ടവളാണെന്ന ആര്‍എസ്‌എസ്‌ നേതാവ്‌ മോഹന്‍ ഭഗവതിന്റെ വാക്കുകള്‍ സ്വീകരിക്കപ്പെടേണ്ടതാണെന്നും കാന്തപുരം പറഞ്ഞു. ഡല്‍ഹി സംഭവത്തിനു ശേഷം വസ്‌ത്രധാരണത്തെക്കുറിച്ച്‌ കുറ്റം പറയേണ്ടതില്ലെന്നും ഞങ്ങളെ ആക്രമിക്കാതിരിക്കാനാണ്‌ പറയേണ്ടതെന്നുമുള്ള പ്ലക്കാര്‍ഡുകളാണ്‌ പെണ്‍കുട്ടികള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്‌. ഇത്‌ വീടിന്റെ വാതിലുകള്‍ തുറന്നിട്ടതിനു ശേഷം മോഷണം തടയണമെന്ന്‌ പറയുന്നതിനു തുല്യമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

കാന്തപുരത്തിന്റെ പ്രസ്‌താവന സ്‌ത്രീ വിരുദ്ധമാണെന്ന്‌ ആരോപിച്ച്‌ മഹിള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.