സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടിന് കിരീടം

single-img
20 January 2013

അന്‍പത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കലാകിരീടം കോഴിക്കോട് ജില്ല നിലനിര്‍ത്തി. 912 പോയിന്റുകളുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് സ്വര്‍ണകപ്പ് കോഴിക്കോട് സ്വന്തമാക്കുന്നത്. ആദ്യം മുതല്‍ കിരീടം തിരിച്ചുപിടിക്കാന്‍ ശക്തമായ പോരാട്ടം നടത്തിയ തൃശൂരിന് ഇക്കുറിയും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 900 പോയിന്റാണ് തൃശൂരിന് ലഭിച്ചത്. ഹൈസ്‌കൂള്‍ തലത്തില്‍ കോഴിക്കോടും തൃശൂരും 414 പോയിന്റു വീതം നേടി ഒപ്പത്തിനൊപ്പമെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മുന്നേറ്റമാണ് കോഴിക്കോടിന് വീണ്ടും കിരീടനേട്ടത്തിന് അര്‍ഹരാക്കിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ 498 പോയിന്റാണ് കോഴിക്കോട് നേടിയത്. തൃശൂര്‍ 486 പോയിന്റ് മാത്രമാണ് സ്വന്തമാക്കിയത്. മൊത്തം പോയിന്റ് നിലയില്‍ ആതിഥേയരായ മലപ്പുറം 881 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 402 പോയിന്റും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 479 പോയിന്റുമാണ് മലപ്പുറം നേടിയത്. 870 പോയിന്റുമായി പാലക്കാടും 867 പോയിന്റുമായി കണ്ണൂരുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

സമാപന സമ്മേളനം വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനായിരുന്നു മേള ഉദ്ഘാടനം ചെയ്യേണ്ടതെങ്കിലും കോല്‍ക്കത്തയിലെ പാര്‍ട്ടി കേന്ദ്രകമ്മറ്റിയോഗത്തിന് ശേഷം തിരികെയെത്താന്‍ വൈകുമെന്നതിനാല്‍ അദ്ദേഹം വരില്ലെന്ന് അറിയിച്ചിരുന്നു. വി.എസിന്റെ സന്ദേശം വേദിയില്‍ വായിച്ചു. മേളയുടെ സുവനീര്‍ പ്രകാശനം മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. മന്ത്രി എം.കെ മുനീറാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ജില്ലയ്ക്കുള്ള സ്വര്‍ണകപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് കോഴിക്കോട് ജില്ലയിലെ കുട്ടികള്‍ക്ക് സമ്മാനിച്ചു.