ലഭിച്ചത്‌ ഏറ്റവും വലിയ ബഹുമതി : രാഹുല്‍ ഗാന്ധി

single-img
20 January 2013

നിരവധി മുതിര്‍ന്ന നേതാക്കളുണ്ടായിട്ടും കോണ്‍ഗ്രസ്സിന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ തനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന്‌ രാഹുല്‍ ഗാന്ധി. പാര്‍ട്ടി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തെത്തിയ ശേഷം ജയ്‌പൂരില്‍ നടന്ന ചിന്തന്‍ ശിബിരിന്റെ സമാപന സമ്മേളനത്തില്‍ ആദ്യമായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.

കോണ്‍ഗ്രസ്സില്‍ സമൂലമായ മാറ്റമുണ്ടാകണമെന്ന്‌ രാഹുല്‍ ഗാന്ധി പറഞ്ഞു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ ഇടയിലേയ്‌ക്ക്‌ നേതാക്കള്‍ ഇറങ്ങിച്ചെല്ലണം. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അവരുടെയും അഭിപ്രായം ആരായണമെന്നും അദേഹം അഭിപ്രായപ്പെട്ടു.

വികാര നിര്‍ഭരമായാണ്‌ രാഹുല്‍ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്‌. പിതാവായ രാജീവ്‌ ഗാന്ധിയെയും പിതൃമാതാവായ ഇന്ദിര ഗാന്ധിയെയും അദേഹം അനുസ്‌മരിച്ചു. ഇനി മുതല്‍ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയും ഇന്ത്യയിലെ ജനങ്ങളുമാണ്‌ തന്റെ ജീവിതമെന്ന്‌ അദേഹം പറഞ്ഞു.